• 23 Sep 2023
  • 02: 41 AM
Latest News arrow

രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു; 87 വര്‍ഷങ്ങള്‍ക്കിടെ ആദ്യം

മുംബൈ: ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ച് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. അതേസമയം വിജയ് ഹസാരെ ട്രാഫിയുമായി മുന്നോട്ടുപോകുമെന്നും ബിസിസിഐ അറിയിച്ചു. 87 വര്‍ഷങ്ങള്‍ക്കിടെ ഇത് ആദ്യമായാണ് രഞ്ജി ട്രോഫി മത്സരം ഉപേക്ഷിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ രണ്ട് ഘട്ടങ്ങളായിട്ട് രഞ്ജി ട്രോഫി നടത്താമെന്നതായിരുന്നു ബിസിസിഐയുടെ മുമ്പിലുണ്ടായിരുന്ന പോംവഴി. എന്നാല്‍ ഇതിന് ചെലവ് കൂടുതലാകുമെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയും വനിതകളുടെ ഏകദിന പരമ്പരയും നടത്താന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ഇടവേളയ്ക്ക് ശേഷം ജനുവരിയിലാണ് ഇന്ത്യയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് പുനരാരംഭിച്ചത്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റാണ് ആദ്യം സംഘടിപ്പിച്ചത്.