• 06 Mar 2021
  • 10: 01 PM
Latest News arrow

ഫലവത്താണോ കൊവിഡ് വാക്‌സിന്‍? ഇസ്രായേലില്‍ നിന്നുള്ള ആദ്യ റിപ്പോര്‍ട്ട്

പ്രതീക്ഷിച്ചിടത്തോളം ഫലവത്തല്ല ഫൈസര്‍ വാക്‌സിനേഷന്റെ ആദ്യ ഡോസെന്ന് ഇസ്രായേലിലെ പ്രമുഖ കൊവിഡ് ചികിത്സകനായ ഡോക്ടര്‍ പറയുന്നു. വാക്‌സിന്റെ ആദ്യ ഡോസിന് പ്രതീക്ഷിച്ചത്ര രോഗവ്യാപനം തടയാന്‍ കഴിയില്ലെന്നാണ് ഇസ്രായേലിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രമുഖനായ ഡോ. നാഷ്മാന്‍ ആഷ് പറയുന്നത്. ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞാല്‍ കുറഞ്ഞത് പത്ത് ദിവസമെങ്കിലും കഴിയും പ്രതിരോധശേഷി വികസിക്കാന്‍. ആദ്യ ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള ഇടവേളയില്‍ കൊവിഡ് ബാധയേറ്റവര്‍ നിരവധിയാണെന്നാണ് അദ്ദേഹം പറയുന്നത്.

യഥാര്‍ത്ഥ സ്ഥിതിവിവര കണക്കനുസരിച്ച് ഇസ്രായേലില്‍ ആദ്യ ഡോസ് എടുത്തവരില്‍ 14-21 ദിവസത്തിനിടയില്‍ 33 ശതമാനത്തോളം രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ബ്രിട്ടനില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് വാക്‌സിന്‍ എടുത്തവരില്‍ 89 ശതമാനം വരെ രോഗബാധ തടയാനായി എന്നാണ്. ബ്രിട്ടനിലേതു പോലെ രണ്ട് ഡോസുകള്‍ക്കും ഇടയില്‍ 12 ആഴ്ചത്തെ ഇടവേള ഇസ്രായേല്‍ നല്‍കുന്നില്ല. മൂന്നാഴ്ചത്തെ ഇടവേളയിലാണ് രണ്ട് ഡോസുകളും നല്‍കുന്നത്. ഈ ചുരുങ്ങിയ കാലയളവില്‍ രോഗപ്രതിരോധ ശേഷി കൈവരിക്കുക എന്നത് അസാധ്യമായ കാര്യമാണ്. മാത്രമല്ല, വൈറസ് ബാധ ചെറുക്കുന്നതിനല്ല, മറിച്ച് രോഗം മൂര്‍ച്ഛിക്കാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനുമാണ് വാക്‌സിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മാത്രമല്ല, ഏതൊരു വാക്‌സിനും അതിന്റെ പരീക്ഷണ സമയത്ത് പ്രദര്‍ശിപ്പിച്ചത്ര ഫലസിദ്ധി യഥാര്‍ത്ഥ സാഹചര്യത്തില്‍ കാണിക്കാറില്ല.

രണ്ട് ഡോസുകളുടെ ഇടയിലുള്ള ഇടവേള 12 ആഴ്ചകളായി ഉയര്‍ത്തിക്കൊണ്ടുള്ള ബ്രിട്ടന്റെ തീരുമാനം വന്നതിന് പുറകെയുള്ള ഡോക്ടര്‍ നാഷ്മാന്‍ ആഷിന്റെ പ്രസ്താവന ശാസ്ത്രലോകത്ത് അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. നിര്‍മ്മാതാക്കളായ ഫൈസര്‍ തന്നെ അവകാശപ്പെടുന്നത് കുത്തിവെയ്പ്പിന് ശേഷം ഏകദേസം പന്ത്രണ്ട് ദിവസങ്ങളോളം എടുക്കും മനുഷ്യരില്‍ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി ഉടലെടുക്കാന്‍ എന്ന്. മാത്രമല്ല, ആദ്യ ഡോസിന് 52 ശതമാനം രോഗവ്യാപന സാധ്യത മാത്രമേ ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ. രണ്ടാം ഡോസിനും ശേഷമാണ് 95 ശതമാനം സംരക്ഷണം വാഗ്ദാനം നല്‍കുന്നത്. അതേസമയം ആദ്യ ഡോസിന് ശേഷമുള്ള സംരക്ഷണം ഫൈസര്‍ അവകാശപ്പെടുന്ന 52 ശതമാനത്തിനും താഴെയാണെന്നാണ് ഡോ. ആഷ് പറയുന്നത്. എന്നാല്‍ ഫൈസറിന്റെ ആദ്യ ഡോസ് തന്നെ ഫലവത്താണെന്നും രണ്ടാമതൊന്ന് നല്‍കേണ്ടതുണ്ടോയെന്ന കാര്യം ആലോചിക്കുകയാണെന്നുമാണ് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധര്‍ എംപിമാരോട് പറഞ്ഞിരുന്നത്.

കൊവിഡ് വാക്‌സിന്‍ പദ്ധതി ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും അതിവേഗം ബഹുദൂരം പോയ രാജ്യമാണ് ഇസ്രായേല്‍. ഏകദേശം മൂന്നിലൊന്ന് പൗരന്‍മാര്‍ക്ക് വാക്‌സിന്റെ ആദ്യ ഡോസ് ഇസ്രായേല്‍ നല്‍കിയിട്ടുണ്ട്.