ഇതിലും ത്രസിപ്പിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് വിജയം സ്വപ്നത്തില്‍ മാത്രം

ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം. ടെസ്റ്റിന്റെ അവസാന ദിവസത്തെ അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം.
രണ്ടാം ഇന്നിങ്സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മയൊഴിച്ച് ബാറ്റ് വീശിയ നാല് മുന്‍നിര ബാറ്റ്സ്മാന്മാരും അര്‍ധ സെഞ്ചുറി നേടി. 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ടോപ് സ്കോറര്‍. ചേതേശ്വര്‍ പൂജാര 56 റണ്‍സെടുത്തു പുറത്തായി.
നാലാം ദിവസം ചായയ്ക്ക് ശേഷമാണ് ഇന്ത്യ വിജയത്തിനായി പോരാടിയത്. അതുവരെ വിക്കറ്റുകള്‍ വീഴാതെ സമനിലയ്ക്കായി പൊരുതുകയായിരുന്നു ടീം ഇന്ത്യ. നായകന് അജിങ്ക്യ രഹാനെ 20 ട്വന്റി ശൈലിയില്‍ (22 പന്തില്‍ 24 റണ്‍സ്) ബാറ്റ് വീശിയെങ്കിലും പിന്നാലെ വന്നവര്‍ക്ക് ആ വേഗം നിലനിര്‍ത്താനായില്ല.
വെറും മൂന്ന് ഓവര്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ഋഷഭ് പന്തിന്റെ ഉജ്ജ്വലമായ ഇന്നിങ്സും (85) വാഷിങ്ടണ്‍ സുന്ദറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് (22) ഇന്ത്യയ്ക്ക് എക്കാലത്തും ഓര്‍മ്മിക്കാവുന്ന വിജയം സമ്മാനിച്ചത്. എങ്കിലും വിജയത്തിന് പത്ത് റണ്‍സ് അകലെ സുന്ദറിന്റെ വിക്കറ്റ് വീണത് ഇന്ത്യയെ ഭീതിയിലാഴ്ത്തിയിരുന്നു. ഏഴാമനായി ഇറങ്ങിയ ശാര്‍ദൂല്‍ താക്കൂര്‍ (2) വിജയത്തിന് മൂന്ന് റണ്‍സ് അകലെ വീണതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. വിക്കറ്റ് പോവാതെ നവ്ദീപ് സെയ്നി വാലറ്റത്തിന്റെ മാനം കാത്തു.
നേരത്തെ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി എന്ന ലക്ഷ്യത്തിന് വെറും 9 റണ്‍സ് മാത്രം അകലെ നില്‍ക്കുമ്പോഴാണ് ഗില്ലിനെ നഥാന്‍ ലിയോണ്‍ പുറത്താക്കുന്നത്. 146 പന്തുകളില്‍ നിന്നും എട്ട് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് താരം 91 റണ്‍സെടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്ലിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആണിത്. രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ യുവതാരത്തിന് സാധിച്ചു.
രണ്ടാമിന്നിങ്സില്‍ 324 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യയ്ക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ടീം സ്കോര്‍ 18 റണ്‍സിലെത്തിനില്‍ക്കുമ്പോള്‍ നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു. ഏഴ് റണ്‍സെടുത്ത രോഹിത്തിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കി.
നേരത്തെ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ മികവില്‍ ഓസിസ് ഇന്നിങ്സ് ഇന്ത്യ 294 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തി.
അര്‍ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസിസിന്റെ ടോപ് സ്കോറര്‍. സ്മിത്ത് 74 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറികളടക്കം 55 റണ്‍സെടുത്ത് പുറത്തായി.
വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസിസിനായി മാര്‍ക്കസ് ഹാരിസ്- ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 89 റണ്‍സ് ചേര്‍ത്തു. 38 റണ്‍സെടുത്ത ഹാരിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നാലെ 48 റണ്‍സെടുത്ത വാര്‍ണറെ വാഷിങ്ടണ്‍ സുന്ദര്‍ മടക്കി. ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരന് മാര്‍നസ് ലബുഷെയ്ന് 25 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അതേ ഓവറില്‍ തന്നെ മാത്യു വെയ്ഡിനെയും (0) സിറാജ് മടക്കി. കാമറൂണ്‍ ഗ്രീനാണ് (37) പുറത്തായ മറ്റൊരു താരം.
27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്നെ താക്കൂര്‍ മടക്കി. പാറ്റ് കമ്മിന്‍സ് 28 റണ്‍സുമായി പുറത്താകാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് (1), നഥാന്‍ ലിയോണ്‍ (13), ഹെയ്സല്‍വുഡ് (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ