• 02 Mar 2021
  • 12: 42 AM
Latest News arrow

മന്ത്രിമാര്‍ക്ക് ഓപ്പറേഷന്‍ സ്‌ക്രീന്‍ ബാധകമല്ലേ?

ചില നിയമങ്ങള്‍ നടപ്പിലാക്കാന്‍ വലിയ ശുഷ്‌കാന്തിയാണ്. വലിയ മാനദണ്ഡങ്ങള്‍ പറയുകയും മുന്നറിയിപ്പുകള്‍ കൊടുക്കുകയും ചെയ്യും. പക്ഷേ, അവ ബാധകമാവുക സാധാരണ ജനങ്ങള്‍ക്ക് മാത്രമായിരിക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാനത്ത് കാര്‍ ഗ്ലാസുകളിലെ കറുത്ത ഫിലിമും കര്‍ട്ടനും നീക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശനമായ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവ് ജനങ്ങള്‍ക്ക് മാത്രമാണെന്ന ധാരണയില്‍ കാറുകളില്‍ വിലസുകയാണ് മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും.

ഇന്നലെ വലിയ ശുഷ്‌കാന്തിയോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പല കേന്ദ്രങ്ങളിലും സാധാരണക്കാരായ ആളുകളെ തടഞ്ഞു നിര്‍ത്തുകയും 1250 രൂപ ഫൈന്‍ അടപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ഒക്കെ ചെയ്തിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ഇത് ഇളക്കി മാറ്റിയതിന് ശേഷം മോട്ടോര്‍ വാഹന വകുപ്പിനെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ കരിമ്പട്ടികയില്‍ പെടുത്തും. രണ്ടാം ഘട്ടവും പിടിക്കപ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന നടപടിയിലേക്ക് പോകും എന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്കും നിയമസഭയിലേക്കും വന്ന മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും എല്ലാം വാഹനങ്ങളിലൊക്കെ കറുത്ത ഫിലിമും കര്‍ട്ടനുകളും ഉണ്ടായിരുന്നു.

മന്ത്രിമാര്‍ക്കോ ജനപ്രതിനിധികള്‍ക്കോ സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ഒന്നും തന്നെ ഇളവില്ലെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം പറഞ്ഞ മറുപടി, മന്ത്രിമാരുടെ വാഹനങ്ങള്‍ മെയിന്റെയ്ന്‍ ചെയ്യുന്നത് ടൂറിസം വകുപ്പാണെന്നും ഫിലിമുകളും കര്‍ട്ടനുകളുമൊക്കെ നീക്കം ചെയ്യുക എന്നത് അവരുടെ ഉത്തരവാദിത്വമാണെന്നുമാണ്. അതുകൊണ്ട് ടൂറിസം വകുപ്പിന് നിര്‍ദേശം കൊടുക്കുന്നുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ ഞായറാഴ്ചയായതുകൊണ്ട് വര്‍ക്ക്‌ഷോപ്പുകളെല്ലാം അവധിയായിരുന്നു. അതുകൊണ്ടാകാം അവര്‍ നീക്കം ചെയ്യാതിരുന്നതെന്നും ജോയിന്റെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വിശദീകരിക്കുന്നു.

എന്നാല്‍ ഈ ഒരു സാവകാശം സാധാരണക്കാര്‍ക്ക് ഇന്നലെ നല്‍കിയിരുന്നില്ല എന്ന് കൂടി മനസ്സിലാക്കണം. എന്തായാലും വരും ദിവസങ്ങളില്‍ സുതാര്യമായ ചില്ലുകളോടുകൂടി വാഹനങ്ങളില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിക്കുമെന്ന് കാണാന്‍ കഴിയുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.