• 02 Mar 2021
  • 01: 51 AM
Latest News arrow

കര്‍ഷകര്‍ക്കെതിരെ കേന്ദ്രത്തിന്റെ പ്രതികാര രാഷ്ട്രീയം; ഖാലിസ്ഥാന്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം 53-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പോലും ഒരു വിട്ടുവീഴ്ചയ്ക്കും കര്‍ഷക സംഘടനകള്‍ തയ്യാറായിട്ടില്ല. ആ ഘട്ടത്തിലാണ് കര്‍ഷക സംഘടനാ നേതാവിനെ എന്‍ഐഎ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ഖാലിസ്ഥാന്‍ നുഴഞ്ഞുകയറ്റമെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. അതിനെ ഊട്ടിയുറപ്പിച്ചുകൊണ്ട് ഭീകരബന്ധമെന്ന വജ്രായുധം പുറത്തെടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാരും എന്‍ഐഎയുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. 2016-17 കാലഘട്ടങ്ങളില്‍ പഞ്ചാബില്‍ വ്യാപകമായി അക്രമവും തീവെയ്പ്പും ഉണ്ടായിരുന്നു. ഈ സംഭവങ്ങളിലാണ് ഇപ്പോള്‍ കര്‍ഷക നേതാവായ ബല്‍ദീവ് സിങ് സിര്‍സയടക്കമുള്ള നേതാക്കളെ എന്‍ഐഎ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. വിദേശ സഹായം സ്വീകരിക്കുന്നതടക്കമുള്ള ആക്ഷേപങ്ങള്‍ അന്ന് ഇവര്‍ക്കെതിരെ ഉന്നയിച്ചിരുന്നു. ആ കേസ് പഞ്ചാബ് പൊലീസ് അന്വേഷിച്ച് എന്‍ഐഎയ്ക്ക് കൈമാറിയിട്ടുമുണ്ടായിരുന്നു. പക്ഷേ, അതില്‍ തുടര്‍ നടപടികള്‍ ഒന്നും എടുത്തിരുന്നില്ല.

ഏറ്റവുമൊടുവില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷ സമരത്തില്‍ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന ആക്ഷേപം സര്‍ക്കാര്‍ ഉന്നയിക്കുകയും അതിനെ കര്‍ഷകര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബല്‍ദീവ് സിങ് സിര്‍സ അടക്കമുള്ള നേതാക്കള്‍ക്ക് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പഴയ കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ഇദ്ദേഹം അടക്കം 40 പേരോടാണ് ഇന്നും നാളെയുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളെ വേണമെങ്കില്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയിക്കൊള്ളട്ടെ എന്നും ഇവര്‍ വെല്ലുവിളിച്ചിട്ടുണ്ട്.