കെഎസ്ആര്‍ടിസിയില്‍ വന്‍ അഴിമതിയും ഗുരുതര ക്രമക്കേടുകളും; വെളിപ്പെടുത്തലുമായി എംഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വന്‍ അഴിമതിയും ഗുരുതര ക്രമക്കേടുകളുമാണെന്ന് തുറന്നടിച്ച് എംഡി ബിജു പ്രഭാകര്‍. ഇന്ധനം മറിച്ചുവിറ്റും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും ജീവനക്കാര്‍ പണം തട്ടുകയാണെന്ന് എംഡി വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തി. നൂറ് കോടി രൂപ കാണാതായതടക്കമുള്ള സംഭവങ്ങളില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ എംഡിയെ വെല്ലുവിളിച്ച് യൂണിയനുകളും രംഗത്തെത്തി.
70,000 രൂപയുടെ ശമ്പളം വാങ്ങിച്ചിട്ടാണ് പല ജീവനക്കാരും മഞ്ഞള്‍ കൃഷിയ്ക്കും കാപ്പി കൃഷിയ്ക്കുമൊക്കെയായിട്ട് പോയിട്ടുള്ളതെന്ന് എംഡി ആരോപിച്ചു. കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പുകുത്തുന്നതിനിടെയാണ് കെഎസ്ആര്‍ടിസി എംഡി തന്നെ ജീവനക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. കെഎസ്ആര്‍ടിസിയ്ക്ക് കീഴില്‍ സ്വിഫ്റ്റ് എന്ന ഉപകമ്പനി രൂപീകരിക്കാനുള്ള നിര്‍ദേശത്തിനെതിരെ മുന്നണികള്‍ വലിയ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് എംഡി ജീവനക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ജീവക്കാരെ കുറയ്ക്കേണ്ടി വരുമെന്നാണ് എംഡിയുടെ മുന്നറിയിപ്പ്. 2012-2015 കാലത്ത് നൂറ് കോടി രൂപ കാണാതായ സംഭവത്തില്‍ അക്കൗണ്ട്സ് മാനേജറായ ശ്രീകുമാറിനെതിരെ നടപടിയുണ്ടാകും. പോക്സോ കേസില്‍ ആരോപണ വിധേയനായ ജീവനക്കാരനെ തിരിച്ചെടുത്തതില്‍ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പിഎം ഷറഫിനെതിരെ നടപടിയെടുക്കുമെന്നും എംഡി പറഞ്ഞു.
ചില ജീവനക്കാര്‍ മാത്രമാണ് പ്രശ്നക്കാര്‍ എന്ന് പറയുമ്പോഴും സ്ഥാപനത്തിനെതിരായ എംഡിയുടെ തുറന്നുപറച്ചില്‍ വന്‍വിവാദമായിരിക്കുകയാണ്. സിപിഐ, കോണ്‍ഗ്രസ്, ബിജെപി അനുകൂല സംഘടനകള്‍ എംഡിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ കെഎസ്ആര്‍ടിസിയില്‍ വീണ്ടും പോര് മുറുകുമെന്ന് ഉറപ്പായി. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്തതിനാല്‍ കെഎസ്ആര്‍ടിസിയ്ക്ക് കിഫ്ബിയില്‍ നിന്നും നേരിട്ട് ഇനി വായ്പ എടുക്കാനാകില്ല. ഈ സാഹചര്യത്തിലാണ് വായ്പയെടുക്കാന്‍ സ്വിഫ്റ്റ് എന്ന ഉപകമ്പനി രൂപീകരിക്കുന്നത്. സ്വിഫ്റ്റ് വഴി ആദ്യം സിഎന്‍ജി-എല്‍എന്‍ജി ബസുകള്‍ മാത്രം വാങ്ങുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ദീര്‍ഘദൂര ബസുകള്‍ ഈ കമ്പനിയുടെ കീഴിലേക്ക് മാറ്റാന്‍ എംഡി തീരുമാനിച്ചതോടെയാണ് യൂണിയനുകള്‍ ഉടക്കിയത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍