• 02 Mar 2021
  • 12: 34 AM
Latest News arrow

രാജ്യത്ത് ഇന്ന് കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങി

ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തുടക്കമായി. രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിനേഷന് തുടക്കം കുറിച്ചു.  കുത്തിവെയ്പ്പ് എടുത്ത ശേഷം നേരിയ പനിയോ ശരീര വേദനയോ ഉണ്ടായാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. 

കഴിഞ്ഞ ജനുവരി 30നാണ് കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ പതിനൊന്ന് മാസവും പതിനഞ്ച് ദിവസം പിന്നിടുമ്പോള്‍ വാക്‌സിന്‍ ജനങ്ങളിലേക്കെത്തുന്നു. ഇതിനോടകം ഒരു കോടി 53 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഒന്നര ലക്ഷത്തിലധികം പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. 

രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വാക്‌സിനേഷന്റെ സമയം. പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നല്‍കാവൂ. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ കൊടുക്കരുത്. ഒരേ വാക്‌സിന്‍ തന്നെ രണ്ട് തവണ നല്‍കണം. രോഗം ഭേദമായി എട്ട് ആഴ്ചകള്‍ക്ക് ശേഷം മാത്രമേ കൊവിഡ് ബാധിതര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടുള്ളൂ. 

നേരിയ പനി, ശരീരമാസകലം വേദന തുടങ്ങി സാധാരണ വാക്‌സിനേഷനുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ലക്ഷണങ്ങള്‍ ഈ വാക്‌സിനേഷനില്‍ പ്രകടമാകാമെന്നും അത് കൊവിഡ് ലക്ഷണമായി തെറ്റിദ്ധരിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ വന്ധ്യത ഉണ്ടാകാമെന്ന പ്രചാരണവും ആരോഗ്യമന്ത്രി തള്ളി. 

മഹാമാരി സൃഷ്ടിച്ച ആശങ്കകള്‍ക്ക് വിരാമമിടുന്നതിനൊപ്പം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള രാഷ്ട്രീയ നേട്ടമായി കൂടിയാകും കൊവിഡ് വാക്‌സിനെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുക.