• 25 Jan 2021
  • 05: 02 PM
Latest News arrow

കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനോ ഈ നാലംഗ സമിതി?

ഡൽഹിയിലെ മരംകോച്ചുന്ന തണുപ്പിലും അണയാത്ത സമരവീര്യവുമായി  കർഷകർ പോരാടുകയാണ്. രണ്ടിലൊന്ന് തീരുമാനിച്ചിട്ട് മടങ്ങൂ എന്നാണ് അവർ പറയുന്നത്. അതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ വിവാദമായ കർഷക നിയമങ്ങൾ നടപ്പാക്കുന്നത് മരവിപ്പിച്ചു കൊണ്ട് സുപ്രീംകോടതിയുടെ നിർണായകമായ ഇടപെടലുണ്ടായത്. 3 കാർഷിക നിയമങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി  രാമസുബ്രഹ്മണ്യം എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ്  സ്റ്റേ ചെയ്തത്. പ്രശ്നം പഠിക്കാൻ നാലംഗ വിദഗ്ദ്ധസമിതിയെ  സുപ്രീംകോടതി രൂപീകരിച്ചു.

ആരൊക്കെയാണ് ആ നാലുപേർ? അഷ്റഫ് ഗുലാത്തി, അനിൽ ഗൺവത്ത്,  ഡോക്ടർ പ്രമോദ് കുമാർ ജോഷി,  ഭുപേന്ദ്ര സിംഗ് മൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇനി ഇവരുടെ നിലപാടുകൾ നോക്കാം.

അഷ്റഫ് ഗുലാത്തി

കാർഷിക സാമ്പത്തിക വിദഗ്ധനായ അഷ്റഫ് ഗുലാത്തി സർക്കാരിന്റെ കാർഷിക നയങ്ങളോട് അനുകൂല നിലപാടുള്ള വ്യക്തിയാണ്.  പുതിയ കാർഷിക നയം കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള വലിയ അവസരം തുറന്നു കൊടുക്കുകയാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അഷ്റഫ് ഗുലാത്തി പറയുന്നത്.

പ്രമോദ് കുമാർ ജോഷി

കാർഷിക സാമ്പത്തിക വിദഗ്ധനായ പ്രമോദ് കുമാർ ജോഷി ഫിനാൻഷ്യൽ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ,  കാർഷിക നിയമം പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിനെതിരെ വലിയ വിമർശനമാണ് ഉയർത്തിയത്. വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമ്പോൾ അത് പ്രയോജനപ്പെടുത്താൻ കർഷകർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അനിൽ ഗൺവത്ത്

മഹാരാഷ്ട്രയിലെ ക്ഷേത് കാരി സംഘതൻ സംഘടനയുടെ നേതാവായ അനിൽ ഗൺവത്ത്  കാർഷിക നിയമങ്ങളോട് അനുകൂല നിലപാടുള്ള ആളാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടതില്ലെന്നും ഇത് കർഷകർക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നതാണെന്നും  ബിസിനസ് ലൈന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഭൂപേന്ദ്ര സിംഗ് മൻ

നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ഭാരതീയ കിസാൻ യൂണിയന്റെ  പ്രസിഡണ്ടാണ് ഭുപേന്ദ്ര സിംഗ് മൻ.  കർഷകരുടെ ആവശ്യങ്ങൾക്കായുള്ള ഇടപെടൽ പരിഗണിച്ച് ഇദ്ദേഹത്തെ 1990ൽ  രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു.

സമിതി അംഗങ്ങൾക്കെതിരെ വലിയ വിമർശനമാണ് ഇപ്പോൾ സാമൂഹിക  മാധ്യമങ്ങളിൽ ഉയരുന്നത്. കർഷകരുടെ കണ്ണിൽ പൊടിയിടാനാണ്  ഇത്തരത്തിലുള്ള ഒരു സമിതിക്ക് സുപ്രീംകോടതി രൂപംനൽകിയത് എന്നാണ് ആക്ഷേപം. സമിതിയിലെ അംഗങ്ങൾക്കെതിരെ കർഷക സംഘടനാ നേതാക്കളും രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്ന അംഗങ്ങൾക്ക് ഭൂരിപക്ഷം ഉള്ള സമിതിയിൽ വിശ്വാസമില്ലെന്നും സമരം ചെയ്യുന്ന കർഷകർ പറയുന്നു. ഏതായാലും കോടതി ഇടപെടൽ ഉണ്ടായെങ്കിലും നിയമം പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം. സമിതി അംഗങ്ങൾക്കെതിരെ കോൺഗ്രസ്സും സിപിഎമ്മും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.