• 25 Jan 2021
  • 04: 58 PM
Latest News arrow

അന്ന് അവള്‍ ജീവന് വേണ്ടി കേണു; ഇന്ന് നീതിയ്ക്ക് വേണ്ടി കേഴുന്നു

വാളയാറിൽ ആദ്യത്തെ പെൺകുട്ടി കൊല്ലപ്പെട്ടിട്ട് ഇന്ന് നാല് വർഷം തികയുന്നു.  സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചെങ്കിലും കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്  സമരരംഗത്താണ് ഇന്നും കുടുംബം.

"ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് എന്ത് സംഭവിച്ചാലും കേസ് തേഞ്ഞുമാഞ്ഞു പോവുകയാണ്. അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന ധൈര്യമാണ്. ആ ധൈര്യം ആണ് അവർ തുടക്കംമുതലേ കേസ് അട്ടിമറിക്കാനുള്ള കാരണം. ജനുവരി 13 എന്ന് പറഞ്ഞാൽ എല്ലാവർക്കും അവരുടെ മക്കളുടെ ജന്മദിനാഘോഷം,  പ്രിയപ്പെട്ടവരുടെ എന്തെങ്കിലും സന്തോഷം ഉള്ള ദിവസങ്ങൾ ഒക്കെ ആയിരിക്കും. പക്ഷേ ഞങ്ങളെ സംബന്ധിച്ച് നഷ്ടത്തിന്റെ ദിവസമാണ്." വാളയാർ പെൺകുട്ടികളുടെ അമ്മ കണ്ണീരോടെ പറയുന്നു.

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ സംഭവത്തിന്റെ  ഉണങ്ങാത്ത മുറിവുമായി അട്ടപ്പള്ളത്ത് ജീവിക്കുകയാണ് ആ  മാതാപിതാക്കൾ. 2017 ജനുവരി 13നാണ് ഇവരുടെ മൂത്ത കുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹ മരണത്തിന്റെ അമ്പത്തിരണ്ടാം നാൾ ഇളയ കുഞ്ഞിനെയും സമാനരീതിയിൽ ഈ അച്ഛനും അമ്മയ്ക്കും കാണേണ്ടി വന്നു.

പോലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്ന് ആരോപണം സാധൂകരിക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള സംഭവങ്ങൾ. പ്രതികളായ നാലുപേരെയും തെളിവില്ലെന്ന പേരിൽ പോക്സോ കോടതി വെറുതെ വിട്ടു. പിന്നീട് കേരളം കണ്ടത് നീതിക്കുവേണ്ടിയുള്ള തുടർ സമരങ്ങൾ. ഒടുവിൽ ഹൈക്കോടതി പുനർ വിചാരണക്ക് ഉത്തരവിട്ടു.

എന്നിട്ടും കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഇപ്പോഴും സമരമുഖത്താണ്.

"പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് സർക്കാരും സമ്മതിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അവർക്കെതിരെ നടപടി ഉണ്ടാകാത്തത്?" പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു.

ഇന്ന്  രാവിലെ ഒൻപത് മണി മുതൽ ഇവർ അട്ടപ്പള്ളത്ത് ഏകദിന ഉപവാസം അനുഷ്ഠിക്കുകയാണ്. അഭയാ കേസിലെ സാക്ഷി രാജുവും പോലീസ് മർദ്ദനത്തിൽ ആത്മഹത്യചെയ്ത വാളയാറിലെ പ്രവീണിന്റെ അമ്മ എലിസബത്ത് റാണിയും പെൺകുട്ടികളുടെ അച്ഛനും അമ്മയ്ക്കും ഒപ്പം സത്യാഗ്രഹം ഇരിക്കും. പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ സമരം ഉദ്ഘാടനം ചെയ്യും. കേസിൽ സിബിഐ അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യം നിറവേറ്റി എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ജുഡീഷ്യൽ കമ്മീഷൻ നടപടിക്ക് ശുപാർശ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് നടപടി വൈകുകയാണ്.