• 25 Jan 2021
  • 04: 57 PM
Latest News arrow

കാര്‍ഷിക നിയമങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്യുമോ?; പതിവില്ലാത്തതാണ്

കാര്‍ഷിക നിയമങ്ങള്‍ നിങ്ങള്‍ മരവിപ്പിക്കുമോ അതോ ഞങ്ങള്‍ മുന്‍കൈ എടുത്ത് മരവിപ്പിക്കണമോ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് ഇന്നലെ സുപ്രീംകോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ ഇന്ന് ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. 

ഭരണഘടനയുടെ 254 (1) അനുച്ഛേദപ്രകാരം രാജ്യത്ത് നിയമങ്ങള്‍ നടപ്പാക്കാനുള്ള അധികാരം പാര്‍ലമെന്റിനാണ്. പാര്‍ലമെന്റില്‍ ഒരു നിയമം ചര്‍ച്ച ചെയ്യുകയും ആ നിയമം നടപ്പാക്കുകയും ചെയ്യുന്ന പ്രക്രിയയില്‍ സുപ്രീംകോടതി പലപ്പോഴും പിന്നീടാണ് ഇടപെടാറ്. പാര്‍ലമെന്റിലെ നിയമങ്ങള്‍ക്കെതിരെ പലരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം പാര്‍ലമെന്റ് എടുത്ത തീരുമാനത്തില്‍ സുപ്രീംകോടതി ഉടന്‍ ഇടപെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം സുപ്രീംകോടതി സ്‌റ്റേ ചെയ്യുക എന്നത് അസാധാരണവും അപൂര്‍വ്വവുമായ കാര്യമാണ്. 

പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ നിരവധി കേസുകള്‍ വന്നിരുന്നു. എന്നാല്‍ സുപ്രീംകോടതി ആധാര്‍ നിയമം സ്‌റ്റേ ചെയ്തില്ല. പക്ഷേ സുപ്രീംകോടതിയില്‍ കേസ് അവസാനിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പട്ടികജാതി- പട്ടികവിഭാഗ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം സുപ്രീംകോടതിയിലെത്തി. അപ്പോഴും സുപ്രീംകോടതി നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ല് പോലും പാര്‍ലമെന്റ് പാസാക്കി സുപ്രീംകോടതിയിലെത്തിയപ്പോള്‍ അത് സ്‌റ്റേ ചെയ്തില്ല. പകരം അത് വിശദമായി കേട്ടതിന് ശേഷം ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് റദ്ദാക്കുകയായിരുന്നു.

സുപ്രീംകോടതിയ്ക്ക് വിശദമായ വാദം കേട്ടതിന് ശേഷം ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്നോ മനുഷ്യാവകാശ ലംഘനമാണെന്നോ തീരുമാനിക്കാം. എന്നാല്‍ ആദ്യമേ തന്നെ അത് സറ്റേ ചെയ്യുന്നത് പതിവില്ല. ഇപ്പോള്‍ പക്ഷേ, സുപ്രീംകോടതിയില്‍ നിന്നും ഒരു അസാധാരണ നടപടിയുണ്ടാകാനുള്ള സാധ്യത ഏറിയിട്ടുണ്ട്. ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയത്, ഈ നിയമം സ്‌റ്റേ ചെയ്തുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ്.

ഇന്നലെ രാത്രി കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഈ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്, 'രാജ്യത്തെ ഭൂരിഭാഗം കര്‍ഷകരും ഇപ്പോള്‍ കൊണ്ടുവന്ന പരിഷ്‌കാര നടപടികളോട് യോജിക്കുന്നു' എന്നാണ്. അതുകൊണ്ട് ഇത് സ്‌റ്റേ ചെയ്യരുതെന്നും റദ്ദാക്കരുതെന്നുമാണ്. രണ്ടാമതായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്, ഈ ഒരു നിയമം സ്റ്റേ ചെയ്ത് മുമ്പോട്ട് പോകുമ്പോള്‍ കര്‍ഷകര്‍ അവരുടെ സമരം പിന്‍വലിക്കുന്നുവെന്ന് കൂടി ഉറപ്പുവരുത്തണമെന്നാണ്. 26-ാം തിയതി ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ അത് നടത്താതിരിക്കാന്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയാണ് നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. 

രണ്ടാമത്തെ വിഷയം കര്‍ഷക സംഘടനകള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ്. പഞ്ചാബിലെ പഞ്ചാബ് കിസാന്‍ യൂണിയന്റെ നിലപാട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അവര്‍ പറയുന്നത്, ' ഈ വിഷയം സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുള്ളതാണ്' എന്നാണ്. അതുകൊണ്ട് ഇതില്‍ സുപ്രീംകോടതി തല്‍ക്കാലം ഇടപെടേണ്ട. സുപ്രീംകോടതി ഒരു കമ്മിറ്റി രൂപീകരിക്കുകയാണെങ്കില്‍ ഈ പ്രശ്‌നം ഇങ്ങിനെ ചര്‍ച്ചയുമായി ഒരുപാട് കാലം മുമ്പോട്ട് പോകും. അതുമായി സഹകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് സര്‍ക്കാര്‍ തന്നെ ഈ നിയമങ്ങള്‍ തല്‍ക്കാലം റദ്ദാക്കുക. അതല്ലെങ്കില്‍നിയമങ്ങള്‍ സ്‌റ്റേ ചെയ്യാന്‍ സാധിക്കുന്ന  സുപ്രീംകോടതി തന്നെ ആ നിയമങ്ങള്‍ റദ്ദാക്കണമെന്നും പഞ്ചാബ് കിസാന്‍ യൂണിയന്‍ ആവശ്യപ്പെടുന്നു.