• 25 Jan 2021
  • 03: 03 PM
Latest News arrow

മുല്ലപ്പള്ളി സാര്‍, കേട്ടതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?; ഉത്തരം ഇതാ

കോണ്‍ഗ്രസിന്റെ നേതൃസമ്മേളനം തിരുവനന്തപുരത്ത് ചേരാനിരിക്കെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് നാട്ടുകാര്‍ക്ക് ഒരു ചോദ്യമുണ്ട്. ഇന്നലെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞത് അനുസരിച്ച് ആ പാര്‍ട്ടിയുമായി യുഡിഎഫിനുണ്ടായ ബന്ധം മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിഞ്ഞുകൊണ്ടാണ് എന്നാണ്. 'ഇക്കാര്യത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?' എന്നതാണ് ഉയരുന്ന ചോദ്യം. 

അതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി ഇതാണ്...

''ഞാനൊരു മതനിരപേക്ഷ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്ന് വന്നതാണ്. കുട്ടിക്കാലം മുതല്‍ ഇന്നുവരെ കറകളഞ്ഞ മതനിരപേക്ഷ നിലപാടാണ് ഞാന്‍ ഇതുവരെ സ്വീകരിച്ചത്. അതിന് ഇന്നുവരെ എനിക്ക് വെള്ളം ചേര്‍ക്കേണ്ടി വന്നിട്ടില്ല. എന്നും ഞാന്‍ സുതാര്യവും സത്യസന്ധവുമായ നിലപാടാണ് രാഷ്ട്രീയത്തില്‍ എടുത്തിട്ടുള്ളത്. മതേതര കാര്യത്തില്‍ ആ നിലപാടില്‍ ഇതുവരെ ഉറച്ചുനിന്നിട്ടുണ്ട്. അത് ജനങ്ങള്‍ക്ക് നല്ല പോലെ അറിയാം. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനും എത്രയോ മുമ്പ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് നിങ്ങളുമായി ചര്‍ച്ച നടത്തിയതാണ്. അതുകഴിഞ്ഞ് തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്ന ശേഷം പതിനാല് ജില്ലകളില്‍ നാല് വട്ടം കൃത്യമായി ഞാന്‍ എന്റെ യാത്ര പൂര്‍ത്തിയാക്കി. കേരളത്തിന്റെ മുക്കും മൂലയും പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് പോയി. അപ്പോഴെല്ലാം എന്നെക്കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദിക്കാനുള്ളത് ഈ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. ഞാന്‍ കൃത്യമായും സത്യമായും ഇക്കാര്യത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ട്. മതനിരപേക്ഷ നിലപാടെന്നത് അഖിലേന്ത്യ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടാണ്. ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇനിയും അതില്‍ എന്തെങ്കിലും പറയേണ്ടതായുണ്ടോ? അതൊരു അടഞ്ഞ അധ്യായമാണ്. ഇതൊരു കെട്ടിച്ചമച്ച വാര്‍ത്തയാണ്.