• 25 Jan 2021
  • 03: 28 PM
Latest News arrow

കടയ്ക്കാവൂര്‍ പോക്‌സോ കേസ്; മകന്റെ കൗണ്‍സിലിങ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ ബാലക്ഷേമ സമിതി മകന് നടത്തിയ കൗണ്‍സിലിങ് റിപ്പോര്‍ട്ട് പുറത്ത്. അമ്മയ്ക്ക് എതിരെ കുട്ടി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 13ന് ബാലക്ഷേമ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് നവംബര്‍ 30തിനാണ് പൊലീസിന് നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 18നായിരുന്നു പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. കൗണ്‍സിലിങ് സമഗ്രമായി നടത്താന്‍ കഴിഞ്ഞില്ല എന്നോ കൂടുതല്‍ കൗണ്‍സിലിങ് വേണം എന്നോ റിപ്പോര്‍ട്ടില്‍ ഇല്ല. എന്നാല്‍ കൗണ്‍സിലിങ് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കിയതെന്നും ഇത് മൊഴിയായി കണക്കാക്കാന്‍ ആവില്ലെന്നും ബാലക്ഷേമ സമിതി ചെയര്‍പേഴ്‌സന്‍ പ്രതികരിച്ചു. നേരത്തെ പരാതിക്കാരിയുടെ കോളത്തില്‍ പേര് വന്നതിനെതിരെ ബാലക്ഷേമ സമിതി രംഗത്തെത്തിയിരുന്നു. 

അതിനിടെ അമ്മയ്‌ക്കെതിരായ പോക്‌സോ കേസില്‍ ഐജിയുടെ അന്വേഷണം തുടങ്ങി. കേസ് ഫയലുകള്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി വിളിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ കുടുംബം ഇന്ന് ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കും. അമ്മയ്‌ക്കെതിരെ പരാതി നല്‍കിയ കുട്ടിയെ പരിശോധനകള്‍ക്കായി മെഡിക്കല്‍ ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കാനും പൊലീസ് ശ്രമമുണ്ട്. 

കേസിന്റെ ആദ്യഘട്ടമായ പരാതി മുതല്‍ കുട്ടിയ്ക്ക് കൗണ്‍സിലിങ് നടത്തിയതും അറസ്റ്റിലേക്ക് നീങ്ങിയതുമടക്കം മുഴുവന്‍ നടപടികളും ഐജി പരിശോധിക്കും. കുടുംബവഴക്ക് നിലനില്‍ക്കുന്ന കേസാണെന്ന് അറിഞ്ഞിട്ടും നടപടികളില്‍ പൊലീസ് തിടുക്കം കാട്ടിയോ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചോ എന്നതടക്കം അറിയുന്നതിനാണ് ഫയലുകള്‍ വിളിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയില്‍ നിന്നും കടയ്ക്കാവൂര്‍ എസ്‌ഐയില്‍ നിന്നും വിവരങ്ങള്‍ ആരായും. കേസ് കെട്ടിച്ചമച്ചതാണെന്ന് കാട്ടി സമഗ്രാന്വേഷണമാവശ്യപ്പെട്ട് കുടുംബം നല്‍കുന്ന പരാതിയും ഐജിയായിരിക്കും അന്വേഷിക്കുക.

പൊലീസിനെതിരെ ബാലക്ഷേമസമിതി നല്‍കുന്ന പരാതിയും ഐജിയ്ക്ക് കൈമാറിയേക്കും. വിവാദമായ പോക്‌സോ കേസ് അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാനും സാധ്യതയുണ്ട്. പൊലീസ് വീഴ്ച ഉറപ്പായാല്‍ തുടരന്വേഷണത്തിന് അനുമതി തേടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാധ്യത. അതേസമയം കേസില്‍ എടുത്ത നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കടയ്ക്കാവൂര്‍ പൊലീസ്.