''യുഡിഎഫുമായി സഹകരിച്ച് പോകാം, എന്നാല്‍ ചില നിബന്ധനകളുണ്ട്''; പിസി ജോര്‍ജ്

തിരുവനന്തപുരം: യുഡിഎഫുമായി സഹകരിച്ചു പോകാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. അക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സഹകരിക്കുന്നതിന് ചില നിബന്ധനകള്‍ കൂടി അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. പക്ഷേ അവ എന്തൊക്കെയാണെന്ന് പിസി ജോര്‍ജ് വ്യക്തമാക്കിയിട്ടില്ല. യുഡിഎഫ് യോഗത്തിന് ശേഷം കോണ്‍ഗ്രസ് അനുകൂല തീരുമാനം അറിയിച്ചാല്‍ തന്റെ പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.
അനാവശ്യമായ അവകാശവാദത്തിനില്ല. ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിലുള്ള മാന്യത മാത്രമാണ് ആഗ്രഹിക്കുന്നത്. അഞ്ച് സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണല്ലോ കേട്ടതെന്ന ചോദ്യത്തിന് സീറ്റിന്റെ എണ്ണല്ല തങ്ങളുടെ പ്രശ്നമെന്നും പിസി ജോര്‍ജ് പറഞ്ഞു. എത്ര സീറ്റ് എന്ന കാര്യം യുഡിഎഫ് തീരുമാനിക്കട്ടെ. ഇന്നത്തെ സാഹചര്യത്തില്‍ യുഡിഎഫിന് ഏറ്റവും കൂടുതല്‍ ശക്തി കൊടുക്കാന്‍ കഴിയുന്ന ഒരു പ്രസ്ഥാനം കേരള ജനപക്ഷം സെക്യൂലര്‍ ആണ്.
പൂഞ്ഞാര്‍ സീറ്റ് വിട്ടുകൊടുക്കില്ല. ഇവര്‍ ആരുടെയും ഔദാര്യമില്ലാതെ ജനങ്ങളുടെ മാത്രം ഔദാര്യം കൊണ്ടു മാത്രം തങ്ങള്‍ക്ക് കിട്ടിയ സീറ്റാണ് പൂഞ്ഞാര്‍. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും അങ്ങിനെ മുഴുവന്‍ സംഘടനക്കാരും എതിര്‍ത്തു. എന്നിട്ടും 28,000 വോട്ടിന്റെ ഭൂരിപക്ഷം പൂഞ്ഞാറ്റിലെ ജനങ്ങള്‍ നല്‍കിയാണ് താന്‍ അവിടുത്തെ എംഎല്‍എ ആയിരിക്കുന്നത്. ആ സീറ്റില്‍ ഒരു ചര്‍ച്ചയില്ല. ബാക്കി ഏത് സീറ്റ് ആണെന്നാണ് ചര്‍ച്ച.
താന്‍ കൂടി വിജയിപ്പിച്ച ഒരാളാണ് മാണി സി കാപ്പന്. ഇടതാണോ വലതാണോ എന്ന് ഇപ്പോഴും കാപ്പന് തീരുമാനമായിട്ടില്ല. കാപ്പന് ഇപ്പോഴും അങ്ങോട്ടും പറഞ്ഞോണ്ട് നടക്കുകയാണ്. കാപ്പന് കുറച്ച് വ്യക്തിത്വം നശിപ്പിച്ചിട്ടുണ്ട്. സൂക്ഷിക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. കാപ്പന്റെ പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചതാണതെന്നും ജോര്‍ജ് പറഞ്ഞു.
പക്ഷേ, തങ്ങളെ സംബന്ധിച്ചിടത്തോളം പാല വളരെ പ്രധാനപ്പെട്ടതാണ്. കാരണം പഴയ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളാണ് പാലാ നിയോജകമണ്ഡലത്തിലുള്ളത്. പിന്നെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് എലിക്കുളം പിന്നെ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് ഒരു പഞ്ചായത്ത് വന്നിട്ടുണ്ട്. പൂഞ്ഞാറില്‍ നിന്ന് താന്‍ ജയിച്ച അതേ മാനദണ്ഡത്തില്‍ പാലായിലും വിജയിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ പാലാ സീറ്റിന് തങ്ങള്‍ അത്ര പ്രാധാന്യം കൊടുക്കുമെന്ന് ഉറപ്പാണല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കാപ്പന് യുഡിഎഫിലേക്ക് വരികയാണെങ്കില്‍ പാലായ്ക്ക് വേണ്ടി തര്‍ക്കം പറയില്ലെന്നും ജോര്‍ജ് പറഞ്ഞു. കാപ്പന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരികയും തങ്ങളും യുഡിഎഫിന് ഒപ്പമാണെങ്കില്‍ ആ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കില്ല. പകരം കാഞ്ഞിരപ്പള്ളി സീറ്റ് മതി. കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളില്‍ ഒരെണ്ണം മസ്റ്റാണ്. അതില്‍ നിന്ന് വ്യത്യാസം വരുത്താന്‍ സാധിക്കില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍