• 25 Jan 2021
  • 03: 13 PM
Latest News arrow

''കാള വാലുപൊക്കുമ്പോള്‍ തന്നെ മനസ്സിലായിരുന്നു''; കെമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ സഖാക്കള്‍

റിട്ട. ജസ്റ്റിസ് ബി കെമാല്‍ പാഷ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച കേരളത്തിലെ സര്‍ക്കാറിനെ മാറ്റാനുള്ള ശക്തിയാകണം അടുത്ത തെരഞ്ഞെടുപ്പെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. അതിന് കെല്‍പ്പുള്ള സംഘമെന്ന നിലയില്‍ യുഡിഎഫ് രാഷ്ട്രീയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കെമാല്‍ പാഷ വ്യക്തമാക്കുന്നു. 

കെമാല്‍ പാഷയുടെ ഈ പ്രഖ്യാപനം പൊതുസമൂഹത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ട്രോളുകളും സജീവമായി. ഈ എല്ലിന്‍ കഷ്ണത്തിന് വേണ്ടിയായിരുന്നോ ഇങ്ങേര് ഇത്രനാളും കുരച്ചതെന്നാണ് സിപിഎം സൈബര്‍ സഖാക്കളുടെ പ്രതികരണം. കാള വാലുപൊക്കുമ്പോള്‍ തന്നെ മനസ്സിലായിരുന്നു എന്ന കളിയാക്കലും അദ്ദേഹത്തിനെതിരെ വന്നു. ഇത്തരത്തില്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം അനുഭാവികള്‍. ഇത്രനാളും അദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

എന്നാല്‍ കെമാല്‍ പാഷയെ കൂടെക്കൂട്ടുന്നത് അഴിമതിയ്‌ക്കെതിരായ പോരാട്ടത്തില്‍ മുതല്‍ക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതാക്കള്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പുനലൂരില്‍ മത്സരിക്കണമെന്ന് യുഡിഎഫിലെ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇപ്പോള്‍ കെമാല്‍ പാഷ താമസിക്കുന്നത് എറണാകുളത്താണ്. അവിടെയുള്ള ഏതെങ്കിലും മണ്ഡലം കിട്ടിയാല്‍ താന്‍ മത്സരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

''സര്‍ക്കാരിന്റെ പല അഴിമതികളും പൊതുജന മധ്യത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് യുഡിഎഫാണ്. എനിക്ക് ചേര്‍ന്ന് നില്‍ക്കാവുന്ന പ്രസ്ഥാനമാണ് യുഡിഎഫ്. ജനപ്രതിനിധിയായാല്‍ അതിന്റെ ശമ്പളം പോലും എനിക്ക് വേണ്ട. പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. എനിക്കും കുടുംബത്തിനും ജീവിക്കാന്‍ അതുമതി.

അസഹിഷ്ണുതയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. വിമര്‍ശനത്തെ നേരിടാന്‍ മുഖ്യമന്ത്രിയ്ക്കും മറ്റുള്ളവര്‍ക്കും താല്‍പ്പര്യമില്ല. പാലം തുറന്നുകൊടുക്കാന്‍ എന്തിനാണ് ഇത്ര വൈകിച്ചതെന്ന് മുഖ്യമന്ത്രി പറയണം. പൊതുമരാമത്ത് മന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ പാലമെന്നാണ്. സര്‍ക്കാര്‍ എന്ന് പറഞ്ഞാല്‍ ജനങ്ങളുടേതാണ്. എന്നാല്‍ ജനങ്ങളുടേതെല്ലാം തങ്ങളുടേതാണെന്ന ധാരണയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമിരിക്കുന്നത്.'' കെമാല്‍ പാഷ പറഞ്ഞു.