'ട്രംപിന് കൊടിപിടിച്ച മലയാളി'; ആ നിയമലംഘകനും പറയാനുണ്ട് ചിലത്

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ നടത്തിയ ക്യാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നത് വലിയ വിവാദമായിരിക്കുകയാണ്. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ നിലനില്‍ക്കെ അതെല്ലാം ലംഘിച്ചുകൊണ്ടാണ് ട്രംപിനെ അനുകൂലിക്കുന്നവരുടെ ഇടയില്‍ നിന്നും ഇന്ത്യന്‍ പതാക ഉയര്‍ന്നത്. ഈ പതാക ഉയര്‍ത്തിയതാകട്ടെ ഒരു മലയാളിയും.
കൊച്ചിക്കാരനായ വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്കലാണ് ആ നിയമലംഘകന്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിര്‍ജീനിയന്‍ സ്റ്റേറ്റ് കമ്മിറ്റി അംഗമാണ് ഇപ്പോള്‍ ഇയാള്‍. എറണാകുളം തൈക്കൂട്ടം ശില്‍പ്പശാല റോഡില്‍ പാലത്തിങ്കല്‍ സേവ്യര്‍ കുഞ്ഞമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ നാലാമനാണ് വിന്‍സന്റ് സേവ്യര്‍. തേവര എസ്എച്ച് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. പിന്നീട് തൃശ്ശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയം വിട്ടു.
1987ല്‍ സിവില്‍ എഞ്ചിനീയറിങ് പാസായി മൂന്ന് കൊല്ലത്തോളം കിറ്റ്കോയില്‍ ജോലി ചെയ്തു. ഇതിനിടയില്‍ മൂവാറ്റുപുഴ സ്വദേശിനി ആശയെ വിവാഹം കഴിച്ചു. തുടര്‍ന്ന് എംഎസിന് പഠിക്കാന്‍ അമേരിക്കയിലേക്ക്. ഇപ്പോള്‍ 28 വര്‍ഷമായി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് വിന്‍സെന്റ്. സേവ്യര്‍, സ്റ്റീഫന്‍ എന്നിവര്‍ മക്കളാണ്.
ആദ്യം ഡെമോക്രാറ്റുകള്‍ക്കൊപ്പമായിരുന്നു വിന്‍സെന്റ്. പിന്നീട് ആശയപ്പൊരുത്തക്കേടുകളെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തിവരുന്ന വിന്‍സെന്റ് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ല. എന്നാല്‍ ട്രംപിന്റെ നിലപാടുകളാണ് ശരിയെന്ന് ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാണ് ഇന്ത്യന്‍ പതാകയുമായി താന്‍ ക്യാപിറ്റോള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതെന്നാണ് വിന്‍സെന്റ് അടുപ്പക്കാരോട് വിശദീകരിക്കുന്നത്.
സമരത്തിന് പോയ എല്ലാവരെയും കലാപകാരികളാക്കി മാറ്റരുത്. ഒരു ലക്ഷം വരുന്ന ആളുകള്‍ സമാധാനപരമായി നടത്തിയ പ്രതിഷേധത്തിലേക്ക് പരിശീലനം ലഭിച്ച ചില ആളുകള്‍ നടത്തിയ ആക്രമണമാണ് പ്രശ്നം വഷളാക്കിയത്. അവരെപ്പറ്റി അന്വേഷിക്കണമെന്നും വിന്‍സെന്റ് പറയുന്നു.
''പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കൃത്രിമത്വത്തിനെതിരെ മാതൃകാപരമായി പ്രതിഷേധിക്കാനാണ് ക്യാപിറ്റോള്‍ മന്ദിരത്തിന് മുമ്പിലെത്തിയത്. എന്നാല്‍ കരുതിക്കൂട്ടി അക്രമം നടത്തിയ 50 ഓളം പേര് പ്രക്ഷോഭത്തിന്റെ ഉദ്ദേശശുദ്ധി നശിപ്പിച്ചു. ഇന്നലെ ഒരു ലക്ഷം ആളുകള്‍ ക്യാപിറ്റോള്‍ ഹില്ലില്‍ തടിച്ചുകൂടി. ഇതില്‍ നിന്ന് ഏകദേശം പത്ത് പതിനഞ്ചോളം പേര് മാത്രമാണ് ആക്രമണം നടത്തുകയും മതിലുകളില്‍ സ്പൈഡര്‍മാനെപ്പോലെ വലിഞ്ഞുകയറുകയും ചെയ്തത്. അവര്‍ പ്രൊഫഷണല്‍ മോഷ്ടാക്കളെപ്പോലെ പരിശീലനം ലഭിച്ച ആളുകളായിരുന്നു. അവര്‍ ഞങ്ങളുടെ ഭാഗത്ത് നിന്നോ എതിര്‍ഭാഗത്ത് നിന്നോ ഇതിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചു. നല്ല പരിശീലനം ലഭിച്ച ആളുകളാണവര്‍. മിലിട്ടറിയിലുള്ള ആളുകള്‍ക്കേ അങ്ങിനെ ചെയ്യാന്‍ കഴിയൂ. ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ ഞങ്ങളുടെ സമരത്തിലേക്ക് നുഴഞ്ഞുകയറിയതാണ്. അവരാണ് വാതില്‍ തുറന്നത്. അല്ലാതെ പൊലീസ് അല്ല. ട്രംപ് റാലികള്‍ പൊതുവെ സമാധാനപരവും സന്തോഷമുള്ളതുമായിരിക്കും. ഇത് ഞാന്‍ പങ്കെടുക്കുന്ന അഞ്ചാമത്തെ ട്രംപ് റാലിയാണ്. ആദ്യമായാണ് ഒരു ട്രംപ് റാലിയില്‍ അക്രമം നടക്കുന്നത്.''
''ഒരു തരത്തിലും തെരഞ്ഞെടുപ്പ് തട്ടിപ്പ് ക്ഷമിക്കാന്‍ കഴിയില്ല. പുറത്ത് നിന്ന് നോക്കുമ്പോള്‍ അമേരിക്കന്‍ ജനാധിപത്യം ശക്തമാണെന്ന് തോന്നിയേക്കാം. ഇവിടെ വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമില്ല. ഒപ്പ് സ്ഥിരീകരണമില്ല. നിങ്ങള്‍ ഹാജരാകേണ്ട ആവശ്യം പോലുമില്ല. 50 ശതമാനത്തിലധികം വോട്ടുകളും ഇത്തവണ ഹാജരാകാതെ ബാലറ്റുകള്‍ വഴിയാണ് നടന്നത്. തട്ടിപ്പ് നടന്ന എല്ലാ വഴികളും തുറന്ന് കാണിക്കാന്‍ കഴിയും. എന്നാല്‍ ഇത് തെളിയിക്കാന്‍ സമയം വേണം. അതിനായി ഒരു അന്വേഷണം നടക്കണം. എന്നാല്‍ അന്വേഷണം നടത്താതെ എല്ലാ കേസുകളും നിരസിച്ചു.''
'ഇവിടെ പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുമുണ്ട്. ഇങ്ങിനെ ഒരു പ്രതിഷേധത്തില്‍ പങ്കെടുക്കുമ്പോള്‍ അവരെല്ലാം അവരുടെ രാജ്യത്തിന്റെ പതാകയ്യില് കരുതും. ഇത്തവണ ഞാനും ഇന്ത്യന്‍ പതാക ഉയര്‍ത്തിപ്പിടിച്ചു. ആദ്യമായിട്ടാണ് നമ്മുടെ ദേശീയ പതാകയുമായി ഞാന്‍ സമരത്തിന് പോകുന്നത്. ആ ചിത്രങ്ങളാണ് വൈറലാകുന്നത്.'' പാതക ഉയര്‍ത്തിയതിനെക്കുറിച്ച് വിന്‍സെന്റ് വിശദീകരിക്കുന്നു.
ഇപ്പോള്‍ വിന്‍സെന്റിന് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇന്ത്യന്‍ പതാകയെ അപമാനിച്ചു എന്ന തരത്തിലാണ് ആരോപണങ്ങള്‍.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍