ചലിക്കാനൊരുങ്ങുന്ന ചലനചിത്ര മേളകള്‍

'ലോകം കൊവിഡിന് മുന്‍പും കൊവിഡിന് ശേഷവും' എന്ന അവസ്ഥ സംജാതമായിരിക്കുകയാണല്ലോ. സമസ്തമേഖലകളെയും തളര്‍ത്തിയ കൊവിഡ്-19 മഹാമാരി ചലച്ചിത്രമേഖലയ്ക്കും വന്‍ തിരിച്ചടി ഉണ്ടാക്കി എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ആള്‍ക്കൂട്ടത്തിന്റെ കലയായ സിനിമയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ 2020 മാര്‍ച്ച് പകുതിയോടെ ലോകമെങ്ങും നിശ്ചലമായി. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 2020-ല്‍ മാര്‍ച്ച് പകുതി വരെയായി രണ്ടരമാസം മാത്രമാണ് മലയാള ചലച്ചിത്രലോകം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചത്. ഇക്കാലയളവില്‍ 40 സിനിമകളാണ് പുറത്തുവന്നത്.
കൊറോണാ വൈറസിന്റെ വ്യാപനത്തോടെ തിയേറ്ററുകളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള പുതിയ നിര്‍മ്മാണ രീതികള്‍ പരീക്ഷിക്കാനും വിപണന സാദ്ധ്യത അന്വേഷിക്കാനും ലോകമെങ്ങുമുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ തയ്യാറായി. മലയാള സിനിമയും മുഖം തിരിച്ചില്ല. ടെലിവിഷന്‍ റിലീസിലും ഓടിടി (ഓവര്‍ ദ ടോപ് മീഡിയ ) റിലീസിലും സാദ്ധ്യതകള്‍ കണ്ടെത്താന്‍ മലയാള സിനിമയും തയ്യാറായി. അതിനാല്‍ 2020-ല്‍ വീട്ടിലിരുന്ന് വെബ് സീരിസുകളോട് പൊരുത്തപ്പെട്ട് , മൊബൈലും കംപ്യൂട്ടറും പിന്നെ ഡൌണ്‍ലോഡ് ചെയ്ത സിനിമകള്‍ നിറഞ്ഞ പെന്‍ഡ്രൈവ് ഘടിപ്പിച്ച ടെലിവിഷനും തിയേറ്ററുകളായി സങ്കല്പ്പിച്ച പ്രേക്ഷകനെ തേടിയെത്തിയത് 6 പുതിയകാല ചലച്ചിത്രങ്ങള്‍.
കൊവിഡ് കാരണം ലോകമെമ്പാടുമുള്ള ചലച്ചിത്രോത്സവങ്ങളും പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയുടെ ഗോവ ചലച്ചിത്രോത്സവവും( ഐ.എഫ്.എഫ്.ഐ) കേരളത്തിന്റെ തിരുവനന്തപുരം ചലച്ചിത്രോത്സവവും (ഐ.എഫ്.എഫ്.കെ) അടക്കം 2020-ലെ മിക്ക ചലച്ചിത്രോത്സവങ്ങളും മാറ്റിവെയ്ക്കപ്പെടുകയോ റദ്ദ് ചെയ്യുകയോ ഉണ്ടായി. ചിലതെല്ലാം ഓണ്‍ലൈന്‍ ഉത്സവങ്ങളായി. ഈ പ്രതിസന്ധിയ്ക്കിടയിലും വിദേശ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്ത് മലയാളികള്‍ പുരസ്കാരം നേടിയത്, ഏത് അവസ്ഥകളോടും പൊരുതി കരുത്ത് നേടാനുള്ള ആത്മവിശ്വാസത്തിന് അടിവരയിടുകയും ചെയ്തു.
ഡോ.ബിജുവിന്റെ 'വെയില്‍മരങ്ങള്‍' ഫ്രാന്‍സ്, ചൈന ഫെസ്റ്റിവലുകളിലടക്കം നിരവധി പുരസ്കാരങ്ങള്‍ നേടി. സജിന്‍ ബാബുവിന്റെ 'ബിരിയാണി'യും മോണ്ട്രിയോള്, സിന്‍സിനാറ്റി, ന്യൂയോര്‍ക്ക് ഫെസ്റ്റിവലുകളില്‍ പുരസ്കാരം നേടി. ഗീത ജെ യുടെ 'റണ്‍ കല്യാണി' മോസ്കോ, മാഡ്രിഡ്, ബോസ്റ്റണ്‍ ഫെസ്റ്റിവലുകളിലും ഗീതു മോഹന്‍ദാസിന്റെ 'മൂത്തോന്' സിന്‍സിനാറ്റി, ന്യൂയോര്‍ക്ക് ഫെസ്റ്റിവലുകളിലും , രാഹുല്‍ റിജി നായരുടെ 'കള്ളനോട്ടം' സിന്സിനാറ്റിഫെസ്റ്റിവലിലും 2020-ല്‍ പുരസ്കാരങ്ങള്‍ നേടി.
എന്തായാലും ശുഭപ്രതീക്ഷകള്‍ നല്കി, മാറ്റിവെക്കപ്പെട്ട ഐ.എഫ്.എഫ്.ഐയും ഐ.എഫ്.എഫ്.കെയും കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഹൈബ്രിഡ് ( നേരിട്ടും ഓണ്‍ലൈനിലും) രീതിയില്‍ ഈ വര്‍ഷം നടത്താന്‍ പോവുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ അന്‍പത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2021 ജനുവരി 16 മുതല്‍ 24 വരെ ഗോവ പനാജിയില്‍ നടക്കുകയാണ്. രണ്ടായിരത്തി അഞ്ഞൂറ് പ്രതിനിധികള്‍ക്ക് മാത്രമാണ് മേളയില്‍ നേരിട്ട് പങ്കെടുക്കാന്‍ അനുമതി നല്‍കുന്നത്. (സാധാരണയായി പതിനായിരമോ അതിലധികമോ പ്രതിനിധികള്‍ എത്തുന്ന മേളയാണിത്). ഉദ്ഘാടന-സമാപനച്ചടങ്ങുകള്‍ക്ക് അഞ്ഞൂറില്‍ താഴെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈനില്‍ മേളയുടെ ഭാഗമാവാനുള്ള അവസരമുണ്ട്.
കൊവിഡ് പ്രതിസന്ധിക്കിടയിലും ഐ.എഫ്.എഫ്.ഐ യില്‍ പതിവുപോലെ മലയാളത്തിന് മികച്ച പ്രാതിനിധ്യമുണ്ട്. മികച്ച വിദേശ സിനിമകളടക്കം ഇരുനൂറിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ പനോരമയില്‍ 27 ഫീച്ചര്‍ സിനിമകളും 26 നോണ്‍ ഫീച്ചര്‍ സിനിമകളും ഉണ്ട്. ഇതില്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് അഞ്ച് സിനിമകളാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. പ്രദീപ് കാളിപുരയത്തിന്റെ 'സേഫ്', അന്‍വര്‍ റഷീദിന്റെ 'ട്രാന്‍സ്', നിസാം ബഷീറിന്റെ 'കെട്ടിയോളാണ് എന്റെ മാലാഖ', സിദ്ദിഖ് പറവൂരിന്റെ 'താഹിറ' , മുഖ്യധാരാ വിഭാഗത്തില്‍ മുഹമ്മദ് മുസ്തഫയുടെ 'കപ്പേള' എന്നിവ. കൂടാതെ മലയാളിയായ വിജീഷ് മണി സംസ്കൃതത്തില്‍ സംവിധാനം ചെയ്ത 'നമോ' എന്ന ചലച്ചിത്രവും പനോരമയിലുണ്ട്. ശരണ്‍ വേണുഗോപാലിന്റെ ' ഒരു പാതിരാസ്വപ്നം പോലെ' എന്ന മലയാളം നോണ്‍ ഫീച്ചറും ബ്ലെസ്സിയുടെ ' വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം- എ ബയോഗ്രഫിക്കല്‍ ഫിലിം' എന്ന ഇംഗ്ലീഷ് നോണ്‍ ഫീച്ചറും പനോരമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
തോമസ് വിന്റര്‍ബെര്‍ഗ് സംവിധാനം ചെയ്ത ഡാനിഷ് ചലച്ചിത്രമായ 'അനദര്‍ റൌണ്ട്' എന്ന കോമഡിയാണ് അന്‍പത്തിയൊന്നാമത് ഐ.എഫ്.എഫ്.ഐ യുടെ ഉദ്ഘാടന ചിത്രമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സിനിമയില്‍ മുഖ്യവേഷം ചെയ്ത മാഡ്സ് മിക്കല്സണ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ ലയണ്‍ പുരസ്കാരം നേടിയ കിയോഷി കുറൊസാവയുടെ ജാപ്പനീസ് ചരിത്രസിനിമയായ 'വൈഫ് ഓഫ് എ സ്പൈ' ആണ് സമാപന ചിത്രം.
ഇന്ത്യയില്‍ നിന്ന് പ്രശസ്ത സംവിധായകന് പ്രിയദര്ശന് അന്‍പത്തിയൊന്നാമത് ഐ.എഫ്.എഫ്.ഐ യുടെ അന്താരാഷ്ട്ര ജൂറിയില്‍ അംഗമാണ്. അര്‍ജന്റീനിയന്‍ സംവിധായകനായ പാബ്ലോ സീസര്‍ ആണ് ജൂറി ചെയര്മാന്. ശ്രീലങ്കന്‍ സംവിധായകനായ പ്രസന്ന വിത്തനഗെ, ഓസ്ട്രിയയില്‍ നിന്നുള്ള അബു ബക്കര്‍ ഷാക്കി, ബംഗ്ലാദേശില്‍നിന്നുള്ള റുബിയാത്ത് ഹുസൈന് എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.
ഐ.എഫ്.എഫ്.ഐ യ്ക്ക് പിന്നാലെ ഫെബ്രുവരിയില്‍ തിരുവനന്തപുരം ഐ.എഫ്.എഫ്.കെയും ചലച്ചിത്രപ്രേമികള്‍ക്കായി ഒരുങ്ങുകയാണ്.
കൊവിഡ് മഹാമാരി എപ്പോള്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കെത്തന്നെ ആള്‍ക്കൂട്ടങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് 2021-ലെ പുലരികള്‍ സമ്മാനിക്കുന്നത്. എല്ലാ തടസ്സങ്ങളെയും അനുകൂലമാക്കാനുള്ള ശ്രമം. ഇതിന്റെ ഭാഗമായി ജീവിതചക്രം ഉരുണ്ടുരുണ്ട് വേഗം കൈവരിക്കുകയാണ്. ചലച്ചിത്രമേളകളും ഈ വേഗത്തിന്റെ ഭാഗമാവുകയാണ്. ' ചലനം, ചലനം, ചലനം...മാനവജീവിത പരിണാമത്തിന് മയൂരസന്ദേശം...' എന്ന കവിവാക്യം പോലെ എല്ലാം വീണ്ടും ചലിച്ചുതുടങ്ങുകയാണ്; ചലനചിത്രവും.