'ദൃശ്യം 2' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും; പുതുവര്‍ഷ സമ്മാനമായി ടീസര്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ജീത്തു ജോസഫിന്റെ 'ദൃശ്യം 2' തിയേറ്ററില്‍ റിലീസ് ചെയ്യില്ല. പകരം ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യപ്പെടുക. പ്രേക്ഷകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇതിനൊപ്പമാണ് ചിത്രം ഒടിടി റിലീസാണെന്ന വിവരവും അറിയിച്ചിരിക്കുന്നത്.
2013ലാണ് ദൃശ്യം റിലീസ് ആയത്. ചിത്രം ബ്ലോക്ക് ബസ്റ്ററായിരുന്നു. തുടര്‍ന്ന് കൊവിഡ് കാലത്ത് ദൃശ്യത്തിന്റെ രണ്ടാം ഭാഗം 'ദൃശ്യം 2' പ്രഖ്യാപിച്ചു. കൊച്ചിയിലും തൊടുപുഴയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി. ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും രണ്ടാം ഭാഗത്തെത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര് എന്നിവരും 'ദൃശ്യം 2' വില്‍ വേഷമിടുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജീത്തു ജോസഫാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ് വിഎസ് വിനായക് എന്നിവരും. സംഗീതം അനില്‍ ജോണ്സണ്.