• 25 Jan 2021
  • 02: 55 PM
Latest News arrow

അംബാനിയെയും ജാക് മായെയും പിന്നിലാക്കി ഏഷ്യയില്‍ പുതിയ കോടീശ്വരന്‍

മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാന്‍ഷാന്‍. ബ്ലൂബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ഷോങ്ങിന്റെ ആസ്തി ഈ വര്‍ഷം 70.9 ബില്ല്യണ്‍ ഡോളര്‍ ഉയര്‍ന്ന് 77.8 ബില്ല്യണ്‍ ഡോളറായി. ചുരുങ്ങിയ കാലം കൊണ്ട് ഒരു വ്യക്തി ഇത്രയും സമ്പത്ത് നേടുന്നത് ചരിത്രത്തിലാദ്യമായാണ്.

മാധ്യമപ്രവര്‍ത്തകനായിരുന്നു ഷോങ് ആദ്യം. പിന്നീട് കൂണ്‍ കൃഷി പരീക്ഷിച്ചു. അതിന് ശേഷം ആരോഗ്യപരിരക്ഷ മേഖലയിലും തൊഴില്‍ ചെയ്തു. തുടര്‍ന്നാണ് കുപ്പിവെള്ള വ്യവസായത്തില്‍ പണം മുടക്കി കോടീശ്വരനായത്.

ഒരു വര്‍ഷം കൊണ്ടാണ് അംബാനിയും ലോക കോടീശ്വര പട്ടികയില്‍ മികച്ച സ്ഥാനം നേടിയത്. മുകേഷിന്റെ ആസ്തി 76.9 ബില്ല്യണ്‍ ഡോളറാണ്. 
ചൈനയിലെ തന്നെ കോളിങ് ഹുവാങ് 63.1 ബില്ല്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തും ടെന്‍സെന്റിന്റെ പോണി മാ 56 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുമായി നാലാം സ്ഥാനത്തുമുണ്ട്. നേരത്തെ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു ആലിബാബയുടെ ജാക് മാ. അദ്ദേഹം 51.2 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുമായി ആറാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ജാക് മായ്ക്കും അദ്ദേഹത്തിന്റെ ആലിബാബയ്ക്കുമെതിരെ ചൈനീസ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ആസ്തിയില്‍ വന്‍ ഇടിവുണ്ടായത്.