ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങി ടെലഗ്രാം; 2021 മുതല്‍ പണം സ്വരൂപിക്കും

മെസേജിങ് സേവനമായ ടെലഗ്രാം ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങുന്നു. കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2021 മുതല്‍ വരുമാനം ഉണ്ടാക്കേണ്ടതുണ്ടെന്ന് ടെലഗ്രാം സിഇഒ പാവല്‍ ദുരോവ് പറഞ്ഞു.
ടെലഗ്രാമിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം താമസിയാതെ 50 കോടിയിലെത്തും. ഇവര്‍ക്കെല്ലാമായി സേവനം തുടര്‍ന്നും ലഭ്യമാക്കാന്‍ കമ്പനി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്.
നിലവില്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണമെടുത്താണ് ടെലഗ്രാമിന്റെ ചെലവുകള്‍ വഹിക്കുന്നതെന്ന് ദുരോവ് തന്റെ ടെലഗ്രാം ചാനലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടികളിലേക്ക് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കെ അതിനനസുരിച്ച് ഫണ്ട് ആവശ്യമായി വരും.
അടുത്ത വര്‍ഷം മുതലാണ് ടെലഗ്രാം പണം സ്വരൂപിക്കാന്‍ തുടങ്ങുക. കഴിഞ്ഞ 7 വര്‍ഷമായി സൃഷ്ടിച്ച മൂല്യങ്ങളും വാഗ്ദാനങ്ങളും മുറുകെ പിടിച്ചാവും അതിനുള്ള നടപടികള്‍.
നിലവില്‍ ലഭ്യമായ എല്ലാ ഫീച്ചറുകളും തുടര്‍ന്നും സൗജന്യമായി ലഭിക്കും. അതിന് അധിക ചാര്‍ജുകളൊന്നും ഈടാക്കില്ല. എന്നാല്‍ വാണിജ്യ ഉപയോക്താക്കള്‍ക്കും മറ്റുമായി ചില ഫീച്ചറുകള്‍ കൂടി ടെലഗ്രാമില്‍ ഉള്‍പ്പെടുത്തും. ഈ ഫീച്ചറുകളില്‍ ചിലതിന് പ്രീമിയം ഉപയോക്താക്കള്‍ പണം നല്‍കേണ്ടി വരും. അതേസമയം സാധാരണ സ്ഥിരം ഉപയോക്താക്കള്‍ക്ക് ടെലഗ്രാമില്‍ പഴയപോലെ തുടരാനാകും.
വണ്‍ ടു വണ്‍ മെസേജിങ്ങില്‍ പരസ്യം ഉണ്ടാവില്ല. ചാറ്റിനിടയില്‍ പരസ്യം കാണിക്കുന്നത് നല്ല ആശയമല്ല. എന്നാല്‍ ഒരാള്‍ നിരവധിയാളുകളോട് സംവദിക്കുന്ന ടെലഗ്രാം ചാനലുകള്‍ വഴി പരസ്യം കാണിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. ഇത് കൂടാതെ പ്രീമിയം സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് അതുവഴി സ്റ്റിക്കര്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കൂടി വരുമാനത്തിന്റെ പങ്ക് നല്‍കാനും കമ്പനി ലക്ഷ്യമിടുന്നുവെന്ന് പാവല്‍ ദുരോവ് പറഞ്ഞു. വാട്സാപ്പിന്റെ നിര്‍മ്മാതാക്കളെ പോലെ വരുമാനത്തിന് വേണ്ടി ടെലഗ്രാമിനെ വില്ക്കാന് തനിക്ക് പദ്ധതിയില്ലെന്നും ദുരോവ് പറഞ്ഞു.