• 23 Sep 2023
  • 04: 23 AM
Latest News arrow

രാജ്യത്ത് കായിക മത്സരങ്ങള്‍ പുനരാരംഭിക്കുന്നു; സ്റ്റേഡിയത്തില്‍ 50 ശതമാനം ആള്‍ക്കാരെ പ്രവേശിപ്പിക്കും

ന്യൂഡല്‍ഹി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കായിക മത്സരങ്ങള്‍ നടത്തുന്നതിനുള്ള സര്‍ക്കുലര്‍ കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കി. സ്റ്റേഡിയത്തില്‍ 50 ശതമാനം ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളൂ. മത്സരം ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ കായിക താരങ്ങള്‍ക്ക് ആര്‍ടിപിസി ആര്‍ ടെസ്റ്റ് നടത്തും. ടെസ്റ്റില്‍ നെഗറ്റീവായ താരങ്ങളെ മാത്രമായിരിക്കും മത്സരങ്ങളില്‍ അനുവദിക്കുക. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് വരുന്ന താരങ്ങളെയും മത്സരങ്ങളില്‍ പങ്കെടുപ്പിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

കായിക മേഖലയെ സംബന്ധിച്ച് വളരെ ആശ്വാസം പകരുന്ന ഒരു വാര്‍ത്തയാണിത്. രാജ്യത്തെ കായിക മത്സരങ്ങള്‍ കാണികളുടെ പങ്കാളിത്തത്തോട് കൂടി സ്‌റ്റേഡിയങ്ങളില്‍ നടത്തുന്നതിനുള്ള മാര്‍ഗരേഖയാണ് ഇപ്പോള്‍ കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഐപിഎല്‍, ഐഎസ്എല്‍ മത്സരങ്ങള്‍ ഒഴിഞ്ഞ സ്റ്റേഡിയങ്ങളിലാണ് നടത്തിയിരുന്നത്. ഇനി ഇത്തരം മത്സരങ്ങളില്‍ ആള്‍ക്കാരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.