മറിയക്കുട്ടി കൊലക്കേസ്: ക്രൈസ്തവ സഭ നടുങ്ങിയ 1966

ആലപ്പുഴ: അഭയക്കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെട്ടപ്പോള്‍ നടന്ന ചര്‍ച്ചകളിലെല്ലാം ഉയര്‍ന്നുവന്ന ഒരു കേസാണ് മറിയക്കുട്ടി കൊലക്കേസ്. അഞ്ച് പതിറ്റാണ്ട് മുമ്പ് നടന്ന ഈ കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ഫാ. ബെനഡിക്ട് ഓണംകുളം എന്ന ക്രൈസ്തവ പുരോഹിതന്. ഒരു കൊലപാതക്കേസില്‍ ക്രൈസ്തവ പുരോഹിതന് അറസ്റ്റ് ചെയ്യപ്പെടുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ കേസാണിതെന്ന് പറയപ്പെടുന്നു. കേസില്‍ ഫാ. ബെനഡിക്ടിന് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ പിന്നീട് ഇദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ട് ഹൈക്കോടതി വെറുതെ വിട്ടു.
മാടത്തരുവി കൊലക്കേസ്, മന്ദമരുതി കൊലക്കേസ് എന്ന പേരിലും അറിയപ്പെടുന്ന കേസ് സംഭവിച്ചത് പത്തനംതിട്ട റാന്നിക്ക് സമീപം മന്ദമരുതിയിലെ മാടത്തരുവിയില്‍ 1966 ജൂണ്‍ 15 രാത്രി 11.45നായിരുന്നു. മാടത്തരുവിയിലെ തേയില തോട്ടത്തില്‍ ഒരു സ്ത്രീയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി എന്ന വാര്‍ത്തയാണ് അന്ന് രാവിലെ ഉറക്കമുണര്‍ന്ന ഗ്രാമവാസികള്‍ കേട്ടത്. അഞ്ചുകുട്ടികളുടെ അമ്മയും വിധവയുമായ, ആലപ്പുഴ അവലൂക്കുന്ന് സ്വദേശിനി മറിയക്കുട്ടി (43) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മരിക്കുമ്പോള്‍ അവര്‍ ഗര്‍ഭിണിയും ആയിരുന്നു.
മാടത്തരുവിയുടെ തീരത്ത് അക്കരെ ഒരു വനത്തിനഭിമുഖമായി ശവം മലര്‍ന്നു കിടന്നിരുന്നു. ചുറ്റും വീടുകളില്ലാതെ അവിടം ഒരു വിജനമായ പ്രദേശമായിരുന്നു. ഇട്ടിരുന്ന വസ്ത്രമായ ചട്ട ഒരു കൈയുടെ ഇടയിലായി കുടുങ്ങി കിടന്നിരുന്നു. മരിച്ച ശരീരത്തിന്റെ അരയ്ക്കു മുകള്‍ഭാഗവും മാറിടവും നഗ്നമായിട്ടായിരുന്നു കിടന്നിരുന്നത്. ഒരു ചെവിയുടെ അറ്റത്തു നിന്ന് മറ്റേ ചെവിയുടെ അറ്റം വരെ കഴുത്തു മുറിച്ചിട്ടുണ്ടായിരുന്നു. ചങ്കത്തും അടിവയറിലും അനേക മുറിവുകളുമുണ്ടായിരുന്നു. ശരീരത്തില്‍ ആഭരണവും ധരിച്ചിരുന്നു.
ശരീരത്തിന്റെ താഴെ ഭാഗമായി ഒരു ബെഡ്ഷീറ്റും സമീപത്ത് ഒരു കുടയുമുണ്ടായിരുന്നു. ശവം കിടന്നിരുന്ന സ്ഥലത്തിലെ വസ്തുവിന്റെ ഉടമസ്ഥനാണ് ആദ്യം മരിച്ചു കിടക്കുന്നതു കണ്ടത്.
സംഭവദിവസം ഒരു വൈദികനെ ആ പരിസരത്തു കണ്ടതായി പലരും പൊലീസിന് മൊഴി കൊടുത്തു. ഫാ. ബെനഡിക്ട് ഓണംകുളം എന്ന വൈദികനിലേക്ക് അന്വേഷണം നീണ്ടു. അവലൂക്കുന്ന് പള്ളി വികാരിയായിരുന്നു ഫാ. ബെനഡിക്ട്. അദ്ദേഹം പിന്നീട് സ്ഥലംമാറി ചങ്ങനാശ്ശേരിയിലേക്ക് പോയിരുന്നു.
ആലപ്പുഴ പട്ടണത്തിലുള്ള അവലൂക്കുന്നിലായിരുന്നു മറിയക്കുട്ടിയുടെ ഭവനം. മക്കളുമൊത്ത് അമ്മയുടെ കൂടെയായിരുന്നു മറിയക്കുട്ടി താമസിച്ചിരുന്നത്. മൂന്നു പ്രാവിശ്യം അവര്‍ വിവാഹിതയായിരുന്നു. മൂന്നാം വിവാഹത്തിലെ ഭര്‍ത്താവ് രോഗബാധിതനായി ശരീരം തളര്‍ന്നു പോയതുകൊണ്ട് അയാളെയും ഉപേക്ഷിച്ചിരുന്നു. പിന്നീട് മരിക്കുന്നവരെ അഞ്ചുവര്‍ഷത്തോളം കൂലിവേല ചെയ്തും വീടുകളിലെ പാത്രങ്ങള്‍ കഴുകിയും അവരുടെ അഞ്ചു മക്കളെയും അമ്മയെയും നോക്കി ജീവിച്ചു വന്നിരുന്നു. ഇളയ മകന് 'ജോയി' അവര്‍ മരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പ് ജനിച്ചതാണ്.
പള്ളിയുമായി മൂന്നു മൈല്‍ ദൂരത്തിലായിരുന്നു മറിയക്കുട്ടി താമസിച്ചിരുന്നത്. ഇളയ കുട്ടി ഉണ്ടായ സമയത്തു തന്നെയാണ് അവരുടെ ഉപേക്ഷിച്ച മൂന്നാം ഭര്‍ത്താവ് മരിച്ചത്. മറിയക്കുട്ടി മരിക്കുന്ന തലേ ദിവസം ജൂണ്‍ പതിനാലാം തിയതി അവര്‍ വീട്ടില്‍നിന്നു എവിടേക്കോ യാത്രപോയതായി അവരുടെ അമ്മയും പതിനാറു വയസുള്ള മകളും സാക്ഷി പറഞ്ഞിരുന്നു. അതിനുമുമ്പ് ജൂണ്‍ നാലാം തിയതി മറിയക്കുട്ടിയും ഫാദര്‍ ബെനഡിക്റ്റും തമ്മില്‍ ചങ്ങനാശേരിയില്‍ കണ്ടു മുട്ടിയിരുന്നു. അരമനയ്ക്ക് പുറത്തായി ഒരു ബുക്ക് ഡിപ്പോയുടെ ചുമതല ബെനെഡിക്റ്റാണ് വഹിച്ചിരുന്നത്. അവിടെ അദ്ദേഹത്തിന് ഒരു സ്വകാര്യ മുറിയുമുണ്ടായിരുന്നു.
ആലപ്പുഴയില്‍ ചക്കരപ്പള്ളിയില്‍ പള്ളിയുടെ വക പാവങ്ങള്‍ക്കായുള്ള ഗോതമ്പും പാല്‍പ്പൊടിയും വിതരണം ചെയ്യുന്ന ചുമതല ഫാദര്‍ ബെനഡിക്റ്റിനായിരുന്നു. മറിയക്കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യം ഈ പുരോഹിതനറിയാമായിരുന്നു. അവര്‍ക്കാവശ്യമുള്ളപ്പോഴെല്ലാം പള്ളിവക സാമ്പത്തിക സഹായങ്ങളും അച്ചന് വഴി ചെയ്തുകൊണ്ടിരുന്നു. ആലപ്പുഴ പള്ളിയിലും ചങ്ങനാശേരിയിലും മന്ദമാരുതിയിലും ഫാദര്‍ ബെനഡിക്റ്റ് സേവനം ചെയ്തിട്ടുള്ളതിനാല്‍ പോലീസ് അദ്ദേഹത്തെ സംശയിക്കുകയും ചെയ്തു.
ഒരു പുരോഹിതനും സ്ത്രീയുമായി ഒന്നിച്ചു കണ്ടവരായി മന്ദമാരുതിയിലുള്ളവരുടെ ദൃക്സാക്ഷി വിവരങ്ങളിലുണ്ടായിരുന്നു. മറിയക്കുട്ടിയുടെ ഇളയ പുത്രന്റെ പിതാവ് ഫാദര്‍ ബെനഡിക്റ്റായിരുന്നുവെന്ന് ഊഹോപാഹങ്ങളും പകര്‍ന്നിരുന്നു. അതുമൂലം മറിയക്കുട്ടി ഫാദര്‍ ബെനഡിക്റ്റിനെ നിത്യം ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും കഥകളുണ്ടായി. ഒടുവില്‍ ഫാദര്‍ ബെനഡിക്റ്റ് അവരെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നായിരുന്നു ജനസംസാരം.
ആലപ്പുഴയില്‍ വെച്ചുണ്ടായ അവിഹിത ബന്ധം മുതലെടുത്ത് അച്ചനെ ഭീഷണിപ്പെടുത്തി പണമീടാക്കാന്‍ മറിയക്കുട്ടി ശ്രമിച്ചു. ഇതിനായി പലതവണ അവര്‍ ചങ്ങനാശ്ശേരിയില്‍ പോയിരുന്നതായി പ്രോസിക്യൂഷന് ആരോപിച്ചു. ഇളയകുട്ടി അച്ചന്റേതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്ന മറിയക്കുട്ടിയെ എന്നന്നേയ്ക്കുമായി ഒഴിവാക്കാന്‍ ഫാ. ബെനഡിക്ട് തീരുമാനിച്ചു. അങ്ങിനെ സ്നേഹം നടിച്ച് അച്ചന് മറിയക്കുട്ടിയെ കൂട്ടിക്കൊണ്ടുപോയി മാടത്തരുവിക്ക് സമീപം വെച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
കൊല്ലം ജില്ലാ സെക്ഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. ജഡ്ജി പി കുഞ്ഞിരാമന് വൈദ്യര് ഫാ. ബെനഡിക്ടിനെ അഞ്ച് വര്‍ഷം തടവിനും മരണം വരെ തൂക്കിക്കൊല്ലാനും വിധിച്ചു. ഫാദര്‍ ബെനഡിക്റ്റിന്റെ കേസിനാസ്പദമായ കോടതിയിലെ വാദമുഖങ്ങളെല്ലാം സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. സംഭവം നേരിട്ടു കണ്ട ഒരു ദൃക്സാക്ഷിയും ഉണ്ടായിരുന്നില്ല. സംശയത്തിന്റെ രേഖകളായിരുന്നു കോടതികളില്‍ ഹാജരാക്കിയിരുന്നത്.
സെഷന്‍സ് കോടതി വിധിയ്ക്കെതിരെ ഫാ. ബെനഡിക്ട് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. ഹൈക്കോടതി കീഴ്ക്കോടതിയുടെ വിധി റദ്ദാക്കി. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് കോടതി വെറുതെ വിട്ട അച്ചന് അതിരമ്പുഴയില്‍ വിശ്രമജീവിതം നയിച്ച് 2001 ജനുവരി 11ന് അന്തരിച്ചു.
കേസ് അന്വേഷിച്ച രീതിയില്‍ പലതരം വീഴ്ചകളും കണ്ടെങ്കിലും പ്രതി വൈദികനാണെന്നതിനാല് കുറ്റകൃത്യത്തെ ഗൗരവമായെടുത്ത് കഠിനമായ ശിക്ഷ വിധിക്കുകയായിരുന്നു സെഷന്‍സ് കോടതി. കീഴ്ക്കോടതിയുടെ ഈ നിലപാട് ബെനഡിക്ടിന്റെ അപ്പീല്‍ പരിഗണിച്ച കേരള ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് ഇത് അംഗീകരിച്ചില്ല. ജഡ്ജി പിടി രാമന് നായരും വിപി ഗോപാലനുമായിരുന്നു ബെഞ്ചിലെ അംഗങ്ങള്‍.
പത്ത് മാസം കൊണ്ടാണ് മറിയക്കുട്ടി കൊലക്കേസ് പര്യവസാനിച്ചത്. 1966 ജൂണ്‍ 15നായിരുന്നു കൊലപാതകം. ഒമ്പത് ദിവസത്തിനകം ജൂണ്‍ 24 ന് ഫാ. ബെനഡിക്ട് അറസ്റ്റിലായി. നവംബര്‍ 19ന് കൊല്ലം സെഷന്‍സ് കോടതിയുടെ വിധി വന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ പോയപ്പോള്‍ അഞ്ച് മാസത്തിനുള്ളില്‍ 1967 ഏപ്രില്‍ 7ന് അച്ചനെ വെറുതെ വിട്ടു.
കേസിന്റെ മറ്റൊരു തലം
മറിയക്കുട്ടി കൊലക്കേസ് കഴിഞ്ഞ് 35 വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഡോക്ടറുടെ 94 വയസുള്ള വിധവയും കുടുംബവും മറിയക്കുട്ടി മരിച്ചതെങ്ങനെയെന്നുള്ള സത്യാവസ്ഥ ബോധിപ്പിക്കാന്‍ ഫാദര്‍ ബെനഡിക്റ്റിനെ സന്ദര്‍ശിച്ച വിവരം ദീപിക ഒരു വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു. 2000 ജനുവരി പതിനാലാം തിയതി ഡോക്ടറുടെ വിധവ ''മുടിയൂര്‍ക്കര നേഴ്സിങ് ഹോമില്‍' താമസിച്ചിരുന്ന ഫാദര്‍ ബെനഡിക്റ്റിനെ സന്ദര്‍ശിച്ചു. മറിയക്കുട്ടിയുടെ മരണത്തിനു കാരണക്കാരന്‍ തന്റെ ഭര്‍ത്താവാണെന്ന് അവര്‍ അദ്ദേഹത്തെ അറിയിച്ചു.
മറിയക്കുട്ടിയ്ക്ക് ഒരു എസ്റ്റേറ്റുടമയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ആ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടാവുകയും അതും പറഞ്ഞ് മറിയക്കുട്ടി എസ്റ്റേറ്റുടമയോട് വീതം ചോദിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്തിയത് വിധവയായ ഈ സ്ത്രീയുടെ ഡോക്ടറായ ഭര്‍ത്താവായിരുന്നു. ഗര്‍ഭഛിദ്രം നടത്തുന്നതിനിടയില്‍ മറിയക്കുട്ടി മരിച്ചുപോയി. ശവശരീരം മന്ദമാരുതിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ഫാദര്‍ ബനഡിക്റ്റിനെ കുടുക്കാന്‍ എസ്റ്റേറ്റുടമ എല്ലാ സാഹചര്യ തെളിവുകള്‍ ഉപയോഗിച്ചു. പണം കൊടുത്ത് മേലാധികാരികളെ സ്വാധീനിച്ചു.
മാത്രമല്ല, തന്റെ വയറ്റിലുള്ള കുഞ്ഞിന്റെ ഉത്തരവാദി ആരാണെന്ന് മറിയക്കുട്ടി ഫാ. ബെനഡിക്ടിനോട് കുമ്പസാരത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കടുത്ത സമ്മര്‍ദം ഉണ്ടായിട്ടും, മാറിയക്കുട്ടിയെ ചതിച്ച് ഗര്‍ഭിണിയാക്കിയവന്‍ എന്ന് ലോകം മുഴുവന്‍ വിളിച്ചിട്ടും, ഒടുവില്‍ വധശിക്ഷ വിധിച്ചിട്ടുപോലും കുമ്പസാരരഹസ്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ലെന്ന് സഭ പ്രഖ്യാപിക്കുന്നു.
മറിയക്കുട്ടി കൊലക്കേസിനെ ആധാരമാക്കി 'മാടത്തരുവി', മൈനത്തരുവി കൊലക്കേസ്' എന്നീ പേരുകളില്‍ രണ്ട് സിനിമകളുമുണ്ടായി. മൈനത്തരുവിയുടെ നിര്‍മ്മാതാവും സംവിധായകനും കുഞ്ചാക്കോയായിരുന്നു. 'മാടത്തരുവി'യില്‍ കൊല ചെയ്യപ്പെട്ട സ്ത്രീയായി വേഷമിട്ടത് നടി ഷീലയായിരുന്നു. കേസിലെ പ്രതിയായ പുരോഹിതനെ രണ്ട് ചിത്രങ്ങളിലും നിരപരാധിയായാണ് ചിത്രീകരിച്ചിരുന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍