ടെസ്റ്റ് സമനിലയില്‍

സിഡ്നി: അവസാനത്തെ ഓവറുകളില്‍ അചിങ്ക്യ രഹാനെയോടൊപ്പം ഭുവനേശ്വര്‍ കുമാര്‍ പിടിച്ചുനിന്നതോടെ സിഡ്നി ക്രിക്കറ്റ്ടെസ്റ്റില് ഇന്ത്യ പരാജയത്തില്‍നിന്ന് രക്ഷപ്പെട്ടു. അവസാനദിവസം ജയിക്കാന്‍ 349 റണ്‍സ് എടുക്കുക ഇന്ത്യക്ക് പ്രയാസമായിരുന്നു. ഓസ്ട്രേലിയന്‍ പേസര്‍മാരെ റിവേഴ്സ്സ്വിങ് സഹായിക്കുകയും പൊടിഞ്ഞുകൊണ്ടിരുന്ന പിച്ചില്‍ നേഥന്‍ ലയണിന്റെ ഓഫ്സ്പിന്‍ പലരീതിയില്‍ പൊങ്ങിയുയരുകയും ചെയ്തപ്പോള്‍ ഓസ്ട്രേലിയ ഒരു വിജയം മുന്നില്‍കണ്ടിരുന്നു. എന്നാല്‍, മെല്‍ബണിലെന്ന പോലെ ഇന്ത്യ അന്ത്യഘട്ടത്തില്‍ പിടിച്ചുനിന്നു. അന്ന് ധോണിയും അശ്വിനുമായിരുന്നു ക്രീസില്‍ എന്ന വ്യത്യാസംമാത്രം. സമനിലയോടെ കളിനിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് ഏഴു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. 252 റണ്‍സാണ് സ്കോര്‍.
നാലു ടെസ്റ്റുകളില്‍ രണ്ടെണ്ണം ജയിച്ച ഓസ്ട്രല്യ ബോര്‍ഡര്‍ ഗാവസ്ക്കര്‍ ട്രോഫി സ്വന്തമാക്കി. പരമ്പരയില്‍ മൊത്തം 769 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദി സിരീസ്. മാന്‍ ഓഫ് ദി മാച്ചും സ്മിത്ത് തന്നെ. ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സ്മിത്ത് രണ്ടാം ഇന്നിംഗ്സില്‍ 71 റണ്‍സ് അടിച്ചിരുന്നു.
രഹാനെ 38 റണ്‍സും കുമാര്‍ 20 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. അന്ത്യഘട്ടത്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് തന്റെ നാലു ബൗളര്‍മാരെയും മാറിമാറി പരീക്ഷിച്ചെങ്കിലും ഫലംകണ്ടില്ല. സ്മിത്ത് പുതിയ പന്ത് എടുക്കുകയുമുണ്ടായി. റിവേഴ്സ്സ്വിങ് കിട്ടാന്‍ പഴയ പന്തായിരുന്നു ഉപകരിക്കുക എന്ന് സ്മിത്ത് ഇപ്പോള്‍ കരുതുന്നുണ്ടാവണം. പുതിയ പന്ത് എടുത്തതോടെ പന്തിന്റെ ആ ചാഞ്ചാട്ടം നിലച്ചു.
ചായക്ക് പിരിയുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ എട്ടു വിക്കറ്റ് കയ്യിലിരിക്കെ 189 റണ്‍സ് വേണ്ടിയിരുന്നു. വിജയും കോലിയുമായിരുന്നു ക്രീസില്‍. പക്ഷെ കളി പുനരാരംഭിച്ചപ്പോള്‍ രണ്ടുപേരും ക്ഷണത്തില്‍ പുറത്തായി. സ്കോറിംഗിന് വേഗതകൂട്ടാന്‍ ശ്രമിച്ച വിജയ് 80 റണ്‍സും കോലി 46 റണ്‍സുമെടുത്തു. റെയ്ന - 0,സാഹ - 0 , അശ്വിന്-1 എന്നിവര്‍ ക്ഷണത്തില്‍ പുറത്തായതോടെ ഇന്ത്യ 2 ന് 178 എന്ന സ്കോറില്‍ നിന്ന് 7 ന് 217 എന്ന സ്കോറിലേക്ക് വീണു. അവിടെവെച്ചാണ് രഹാനെയും ഭുവനേശ്വറും ഒന്നിച്ചുചേര്‍ന്നത്. ഓപ്പണര്‍ കെഎല്‍ രാഹുലും (16) രോഹിത് ശര്‍മയും (39) നേരത്തേ പുറത്താായിരുന്നു. സ്റ്റാര്‍ക്, ലയണ്‍, ഹേസില്‍വുഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. വാട്സന് ഒരു വിക്കറ്റും.
സ്കോര്‍ : ഓസ്ട്രേല്യ 7ന് 572 ഡിക്ലയേഡ്, 6ന് 251 ഡിക്ലയേഡ്. ഇന്ത്യ 475, 7ന് 252.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ