ഇന്ത്യയ്ക്ക് എങ്ങിനെയാണ് ഇങ്ങിനെ തോല്ക്കാന് കഴിയുന്നത്?

കൊവിഡ് കാലത്ത് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര ഇന്ത്യ ദയനീയ തോറ്റതോടെ ആരാധകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. യഥാര്‍ത്ഥത്തില്‍ രവിശാസ്ത്രിയ്ക്കും സംഘത്തിനും എന്താണ് പണി? അഡ്ലെയ്ഡിലെ ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ചതല്ല ആരാധകരെ ഞെട്ടിച്ചത്. മറിച്ച് ഇന്ത്യ തോറ്റ രീതിയാണ്. വിജയ പ്രതീക്ഷയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ കണ്ടംക്രിക്കറ്റിനെ പോലും നാണിപ്പിക്കുന്ന രീതിയില്‍ വെറും 36 റണ്‍സിന് പുറത്തായി. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോര്‍.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം പ്രത്യേക പരിശീലകരും അനലിസ്റ്റുകളും ഇവര്‍ക്കെല്ലാം കൂടി മുഖ്യ പരിശീലകനായി രവിശാസ്ത്രിയുമുള്ള ടീം ഇന്ത്യയ്ക്ക് എങ്ങിനെയാണ് ഇങ്ങിനെ തോല്ക്കാന് പറ്റുന്നത്? ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള വിക്രം റാത്തോര്‍ ബാറ്റിങ് പരിശീലകനായി കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. എന്നിട്ടും കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്സില്‍ ഒന്നില്‍പ്പോലും ഇന്ത്യ 250 കടന്നിട്ടില്ല.
ഓപ്പണര്‍ പൃഥ്വി ഷായുടെ ബാറ്റിങ് ടെക്നിക്കിലെ പോരായ്മകള്‍ ബാറ്റ് പിടിയ്ക്കാനറിയാവുന്നവരെല്ലാം ചൂണ്ടിക്കാട്ടിയിട്ടും റാത്തോറിന് മാത്രം സംഗതി ഇതുവരെ പിടികിട്ടിയിട്ടില്ല. ഇന്ത്യയ്ക്കെതിരെ എതിരാളികളുടെ വാലറ്റം പിടിച്ച് പൊരുതുമ്പോള്‍ ഇന്ത്യന്‍ ടീമിന് മാത്രം ബാറ്റ് പിടിയ്ക്കാനറിയാവുന്ന, അല്ലെങ്കില്‍ വിശ്വസിക്കാവുന്ന ഒരു വാലറ്റക്കാരന് പോലും ഇപ്പോഴുമില്ല. തല പോയാല്‍ അധികമൊന്നും മുട്ടാന്‍ നിക്കാതെ വാലും പൊക്കി മടങ്ങുന്നതാണ് ഇന്ത്യയുടെ ശൈലി. അഡ്ലെയ്ഡ് ടെസ്റ്റിലും കണ്ടത് അത് തന്നെ. 233ന് 6 എന്ന നിലയില്‍ ആദ്യ ദിനം ക്രീസ് വിട്ട ഇന്ത്യ രണ്ടാം ദിനം 11 റണ്‍സെടുക്കുന്നതിനിടെ ഓള് ഔട്ടായി.
രവി ശാസ്ത്രിയുടെ വിശ്വസ്തനായ ആര് ശ്രീധറാണ് ഫീല്‍ഡിങ് പരിശീലകനായി. എന്നാല്‍ ഓസ്ട്രേലിയയില്‍ എത്തിയത് മുതല്‍ ടീം ഇന്ത്യ കൈവിട്ട കളിയാണ്. അഡ്ലെയ്ഡ് ടെസ്റ്റില്‍ മാത്രം കൈവിട്ടത് അഞ്ച് ക്യാച്ചുകള്‍. ടി20 പരമ്പരയില്‍ കൈവിട്ടതാകട്ടെ 12 ക്യാച്ചുകള്‍. ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ കൈകളിലൂടെ ചോര്‍ന്നത് 6 ക്യാച്ചുകളും. തീര്‍ന്നില്ല, ഇതിന് മുമ്പ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ്-ഏകദിന പരമ്പരകളിലും കൈവിട്ടു 12 എണ്ണം.
ഫീല്‍ഡിങ് പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ജോണ്‍ന്റി റോഡ്സിനെപ്പോലുള്ള ഒരു ഇതിഹാസത്തെ തഴഞ്ഞാണ് ശ്രീധറിനെ നിലനിര്‍ത്തിയതെന്ന് ഇവിടെ ഓര്‍ക്കണം. ക്യാച്ചസ് വിന് മാച്ചസ് എന്നാണ് ചൊല്ല്. പക്ഷേ, ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ ഫീല്‍ഡില്‍ വിശ്വസ്തരായ കോലിയുടെയും ജഡേജയുടെയും കൈകള്‍ പോലും ചോരുന്ന കാഴ്ചയാണ് കണ്ടത്. ഫീല്‍ഡര്‍മാരുടെ കൈകളിലെ ചോര്‍ച്ചയടയ്ക്കാന്‍ ശ്രീധറിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി വ്യക്തമായി.
ബൗളിങ് പരിശീലകനായി ടീമിനൊപ്പമുള്ളത് രവിശാസ്ത്രിയുടെ മറ്റൊരു വിശ്വസ്തനായ ഭരത് അരുണാണ്. സമീപകാലത്ത് പ്രത്യേകിച്ചും വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ നടത്തുന്നത് മികച്ച പ്രകടനമാണ്. പക്ഷേ, തലയറുത്താലും വാല് അറുക്കാനാകാത്ത ബോളര്‍മാരുടെ കഴിവ്കേടുകള്‍ കാരണം ഇന്ത്യ വിദേശത്ത് ജയിക്കാവുന്ന പല കളികളും കൈവിട്ടിട്ടുണ്ട്.
അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസിസിനെ 111ന് 7 ലേക്ക് തള്ളിയിട്ടിട്ടും അവര്‍ ഒന്നാം ഇന്നിങ്സില്‍ 191 ലെത്തി. 2017-18ല്‍ ദക്ഷിണാഫ്രിയ്ക്കെതിരായ ടെസ്റ്റില്‍ കേശവ് മഹാരാജും കാര്ഗിസോ ദബാഡയും 2018ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ സാം കരണ്‍, 2018ലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസിസിനായി നഥാന്‍ ലയോണ്‍, ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ കെയ്ല്‍ ജാമിസണ്. അങ്ങിനെ ഇന്ത്യന്‍ ബൗളിങ്ങിന്റെ മുനയൊടിച്ച വാലറ്റക്കാരുടെ നിര നീണ്ടതാണ്. എന്നിട്ടും ബൗളിങ് പരിശീലകനായ ഭരത് അരുണിന് ഇതിനൊരു പരിഹാരം നിര്ദേശിക്കാനായിട്ടില്ല.
ഇനി മുഖ്യ പരിശീലകനായ രവിശാസ്ത്രിയുടെ കാര്യമെടുക്കാം. രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്തതിന് ശേഷം കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഓസിസിനെ കീഴടക്കി പരമ്പര നേടിയെന്നതാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ എത്തിയതും വേണമെങ്കില്‍ നേട്ടമായി പറയാം. ഇതിനപ്പുറം ദുര്‍ബലരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് പരമ്പര നേടിയതാണ് വിദേശത്ത് ഇന്ത്യയുടെ നേട്ടമായി എടുത്ത് പറയാവുന്നത്. ഇതിനിടെ ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലുമെല്ലാം ടെസ്റ്റ് പരമ്പര ഇന്ത്യ ഭംഗിയായി തോറ്റിരുന്നു. കപ്പുറപ്പിച്ച് ലോകകപ്പിന്റെ സെമിയിലിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിന് മുമ്പില്‍ അഡ്ലെയ്ഡ് ടെസ്റ്റിന് അനുസ്മരിക്കുന്ന രീതിയില്‍ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞത് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും മറന്നിട്ടില്ല. പരിശീലക സ്ഥാനത്ത് അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വരെ കാലാവധിയുള്ള രവിശാസ്ത്രിയില്‍ നിന്ന് ഇനിയും അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കണോ എന്നാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ആരാധകര്‍ ചോദിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര പൂര്‍ത്തിയാകുമ്പോള്‍ അതിനുത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ