• 23 Sep 2023
  • 04: 08 AM
Latest News arrow

കളം നിറഞ്ഞ് പില്‍കിംഗ്ടണ്‍; ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ഹീറോ ഓഫ് ദ മാച്ച്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ഈസ്റ്റ് ബെംഗാളിന്റെ താരമായി നീല്‍ ജെയ്‌സ് പില്‍കിംഗ്ടണ്‍. മത്സരം 1-1 സമനിലയില്‍ അവസാനിച്ചെങ്കിലും ഈ മുന്നേറ്റക്കാരന്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒരു സുവര്‍ണാവസരം നഷ്ടമാക്കിയ പില്‍കിംഗ്ടണ്‍ രണ്ട് തവണ ഗോളിനുള്ള ശ്രമങ്ങളും നടത്തി. 19 ആക്യൂറേറ്റ് പാസുകളാണ് താരം സൃഷ്ടിച്ചത്. രണ്ട് ക്രോസുകളും ഒരു പ്രധാന പാസും പില്‍കിംഗ്ടണിന്റെ കാലില്‍ നിന്നും പിറന്നു. 

ഐറിഷ് താരമായ പില്‍കിംഗ്ടണിന്റെ ആദ്യ ഐഎസ്എല്‍ സീസണാണിത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് താരം തന്റെ കരിയറിന്റെ വലിയൊരു ഭാഗം ചെലവിട്ടത്. വിഗാന്‍ അത്‌ലറ്റിക്കില്‍ നിന്നാണ് ഈ 32കാരന്‍ ഈസ്റ്റ് ബംഗാളിലെത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ യൂത്ത് കരിയര്‍ ആരംഭിച്ച പില്‍കിംഗ്ടണ്‍, ബ്ലാക്ക്‌ബേര്‍ണ്‍ റോവേഴ്‌സ്, നോര്‍വിച്ച് സിറ്റി, കാര്‍ഡിഫ് സിറ്റി എന്നിവയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കാര്‍ഡിഫിന് വേണ്ടിയായിരുന്നു കൂടുതല്‍ മത്സരങ്ങളും കളിച്ചത്. 2014 മുതല്‍ 2019 വരെയുള്ള സീസണുകളിലായി 103 മത്സരങ്ങളില്‍ നിന്നായി 20 ഗോളുകളും നേടി. ഐര്‍ലന്‍ഡിന് വേണ്ടി അണ്ടര്‍ 20 മത്സരങ്ങള്‍ കളിച്ചാണ് താരം തുടങ്ങിയത്. 2013ല്‍ സീനിയര്‍ ടീമിനായി അരങ്ങേറി. ഒമ്പത് മത്സരങ്ങളില്‍ ഒരു ഗോളാണ് സമ്പാദ്യം.