''യുദ്ധങ്ങളില്‍ നിന്നുണ്ടായ മുറിപ്പാടുകള്‍ ആഘോഷമാക്കുന്നു; എന്തുകൊണ്ട് പ്രസവശേഷമുള്ളതിനെ ആഘോഷിച്ചുകൂടാ''; തുറന്നടിച്ച് ശ്രുതി

പ്രസവ ശേഷം സ്ത്രീകള്‍ നേരിടുന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് തുറന്നടിച്ച് തമിഴ് നടന് നകുലിന്റെ ഭാര്യ ശ്രുതി. കഴിഞ്ഞ ആഗസ്റ്റിലാണ് ശ്രുതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വാട്ടര്ബെര്ത്തിലൂടെയായിരുന്നു കുഞ്ഞിന്റെ ജനനം.
ശ്രുതിയുടെ കുറിപ്പ് ഇങ്ങിനെ...
എന്റെ സാരിയിലുള്ള ഈ ചിത്രം പങ്കുവച്ചപ്പോള്‍ മനോഹരമായിട്ടുണ്ടെന്ന് മാത്രമാണ് ഞാന്‍ ആകെ ചിന്തിച്ചത്. ഞാന്‍ നന്നായി സാരി ഉടുത്തിട്ടുണ്ട്. ആളുകള്‍ക്ക് ഈ സാരി ഇഷ്ടപെടും, അവര്‍ അത് വാങ്ങാന്‍ ആഗ്രഹിക്കും. എന്നൊക്കെ ആയിരുന്നു എന്റെ ചിന്ത . പക്ഷെ ആളുകളുടെ പ്രതികരണം എന്നെ തകര്‍ത്തു കളഞ്ഞു. പ്രസവം കഴിഞ്ഞു മൂന്നു മാസത്തിനുള്ളില്‍ എങ്ങനെ ഞാന്‍ മെലിഞ്ഞു, എന്റെ സ്ട്രെച്ച് മാര്‍ക്കുകള്‍ എങ്ങനെ പോയി ഇതെല്ലാമായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്.
ഞാന്‍ അതാണ്, ഞാന്‍ ഇതുമാണ്. പ്രസവസമയത്തെ ഭാരത്തിന്റെ ഒരു ഭാഗം ഇപ്പോഴും എന്നില്‍ ഉണ്ട്. എന്നിലിപ്പോഴും സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ട്. പഴയ വസ്ത്രങ്ങള്‍ എനിക്ക് പലപ്പോഴും പാകമാകാറില്ല. വലിയ സൈസില്‍ ഉള്ള വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഞാന്‍ പലപ്പോഴും സങ്കടപ്പെടാറുണ്ട്. എന്റെ കക്ഷത്തില്‍ കറുപ്പ് നിറമുണ്ട്. എങ്കിലും ഞാന്‍ സ്ലീവ് ലെസ്സ് ധരിക്കാറുണ്ട്.
ഞാന്‍ ഇങ്ങനെയാണ് എന്ന് എന്നെ തന്നെ മനസിലാക്കിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഇന്ന് ഞാന്‍ എന്താണോ അതിനെ ആണ് ഞാന്‍ സ്നേഹിക്കുന്നത് . ആളുകള്‍ എന്റെ ഉയരത്തെ പറ്റി കളിയാക്കുന്നത് കൊണ്ട് ഞാന്‍ കൂനിനടന്നിരുന്നു. എന്റെ മാറിടത്തിന്റെ വലുപ്പം എന്നെ പലപ്പോഴും ബോധവധിയാക്കിയിരുന്നു.. ഇതെല്ലം എന്നെ സാരമായി ബാധിച്ചിരുന്നു. പലപ്പോഴും നടുവേദനയും കാലു വേദനയും അസാധ്യമാകാറുണ്ട് . നിങ്ങള്‍ നിങ്ങളെ തന്നെ ഇങ്ങനെ സമ്മര്‍ദ്ദത്തിലാക്കരുത് സ്ത്രീകളെ ഗര്‍ഭകാലത്തും അതിനു ശേഷവും മാനസികവും ശാരീരികവുമായ ഒരുപാട് സമ്മര്‍ദ്ദങ്ങളിലൂടെ നിങ്ങള്‍ കടന്നു പോയതാണ് .. ഭാരം കുറക്കുന്നതും സ്ട്രെച്ച് മാര്‍ക്കുകള്‍ കളയുന്നതും നിങ്ങളുടെ അവസാനത്തെ പരിഗണന ആകണം . അമ്മയാകുന്നത് എളുപ്പമല്ല.
എന്തിനാണ് നിങ്ങള്‍ ആ മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. യുദ്ധങ്ങളില്‍ നിന്നുണ്ടായ മുറിവുകള്‍ ആളുകള്‍ ആഘോഷിക്കുന്നു. എന്തു കൊണ്ട് പ്രസവത്തിനു ശേഷമുള്ളതിനെ അങ്ങനെ അഘോഷിച്ചു കൂടാ. ഭാരം കുറച്ച ശേഷവും ആ പാടുകള്‍ എന്തുകൊണ്ട് കൂടെ കൊണ്ട് നടന്നു കൂടാ. നിങ്ങള്‍ എന്താണെന്നും നിങ്ങളുടെ കരുത്ത് എന്താണെന്നുമാണ് ആ പാടുകള്‍ സൂചിപ്പിക്കുന്നത്. ആരെയും, നിങ്ങളുടെ ഭര്‍ത്താവിനെ പോലും നിങ്ങളെ പുച്ഛിക്കാന്‍ അനുവദിക്കരുത്.