കഥകളുടെ പൂക്കാലം ബാക്കിവെച്ച് കഥാകാരന് പോയ്മറഞ്ഞു

എഴുത്തിലും ഭാഷയിലും അനന്യമായ ശൈലി ആവാഹിച്ച കഥാകാരനായിരുന്നു യുഎ ഖാദര്‍. ഒറ്റപ്പെടലിന്റെ വ്യഥകളും കണ്ടറിഞ്ഞ ചുറ്റുപാടുകളും പിറന്ന നാടിനെക്കുറിച്ചുള്ള നോവുകളും പ്രതിഫലിച്ച എഴുത്തുകളായിരുന്നു അദ്ദേഹത്തിന്റേത്. മലയാളിക്ക് മുമ്പില്‍ ഖാദര്‍ തുറന്നിട്ടത് അനുഭവങ്ങളാല്‍ സമ്പന്നമായ കഥകളുടെ വലിയ ലോകമാണ്.
ബര്‍മ്മയില്‍ കച്ചവടത്തിന് പോയ കൊയിലാണ്ടിക്കാരന് മൊയ്തീന്‍കുട്ടി ഹാജിയുടെയും ബര്‍മ്മക്കാരി മാമയ്തിയുടെയും മകനാണ് യുഎ ഖാദര്‍. ഖാദര്‍ ജനിച്ച് മൂന്നാം ദിവസം വസൂരി ബാധിച്ച് അമ്മ മരിച്ചു. ഏഴാം വയസ്സുവരെ ബര്‍മ്മയില്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന് ബര്‍മ്മയെ ആക്രമിച്ചപ്പോള്‍ ബാപ്പയോടൊപ്പം കുഞ്ഞ് ഖാദര്‍ പലായനം ചെയ്തു. അറാക്കന്‍ മലനിരകള്‍ താണ്ടി ചിറ്റഗോംഗ് വഴി മാസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ കൊയിലാണ്ടിയില്‍. പിന്നെ ജീവിതം പലരുടെയും കാരുണ്യത്തില്‍.
പരദേശിയുടെ മുഖഛായയും ബര്മ്മന് ഭാഷയും സൗഹൃദങ്ങള്‍ക്ക് തടസ്സമായി. അപരിചിത ദിക്കില്‍ ഒറ്റപ്പെട്ടും അവഗണന നേരിട്ടുമായിരുന്നു ജീവിതം. ഇതൊക്കെ കുഞ്ഞ് ഖാദര്‍ മറികടന്നത് വായനയിലൂടെ. പലായനവും ബര്മ്മന് ഓര്‍മ്മകളും ഖാദറിലെ എഴുത്തുകാരന് ഉള്വളമായി. രണ്ടാനമ്മയുടെ വീട്ടിനടുത്തെ നാഗക്കാവും തെയ്യവും കോമരവും നെയ്ത്ത് തെരുവിലെ തറികളുടെ നിലയ്ക്കാത്ത ശബ്ദവും ഖാദറിന്റെ എഴുത്തിന് ഊടും പാവുമേകി.
ഖാദറിലെ വായനക്കാരനെ വളര്‍ത്തിയ സിഎച്ച് മുഹമ്മദ് കോയ പത്രാധിപരായ ചന്ദ്രികയില്‍ തന്നെ ആദ്യ കഥ പ്രസിദ്ധീകരിച്ചു. സ്കൂള്‍ ഫൈനല്‍സ് കഴിഞ്ഞതോടെ ചിത്രകല പഠിക്കാന്‍ മദിരാശിയിലേക്ക് വണ്ടി കയറി. അവിടെ കാത്തിരുന്നത് സാഹിത്യ പ്രമുഖരുടെ സൗഹൃദം. തിരികെ നാട്ടിലെത്തി മരക്കമ്പനിയിലെ ഖുമസ്തനായും ദേശാഭിമാനിയുടെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ആകാശവാണിയിലേക്ക്. അവിടെ ഖാദറിന്റെ എഴുത്തിനെ പരുവപ്പെടുത്തിയ സുഹൃദ്വലയുമുണ്ടായിരുന്നു. തിക്കോടിയന്, ഉറൂബ്, അക്കിത്തം, കക്കാട് എന്നിങ്ങനെ സുഹൃത്തുക്കളുടെ നിര നീളുന്നു.
ജീവിതത്തിലെ ഒറ്റപ്പെടല്‍ സാഹിത്യത്തിലും തുടര്‍ന്നു. നിരൂപക പ്രശംസ ഏറെ ഏറ്റുവാങ്ങിയിട്ടും ഖാദര്‍ എന്ന എഴുത്തുകാരന് പലപ്പോഴും അവഗണിക്കപ്പെട്ടു. പക്ഷേ, വായനക്കാര്‍ അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്ത ഖാദറിന്റെ കഥകളുടെ വശത്തായിരുന്നു. ചങ്ങല, ഓര്‍മ്മകളുടെ പഗോഡ, തൃക്കോട്ടൂര്‍ പെരുമ, അഘോരശിവം, ചാത്തുക്കുട്ടി ദൈവം, ഒരുപിടി വറ്റ്, മേശവിളക്ക് തുടങ്ങി ആ തൂലികയില്‍ പിറന്ന കഥകളെ വായനക്കാര്‍ നെഞ്ചേറ്റി.
ഹൈന്ദവമിത്തോളജിയും രാഷ്ട്രീയവും മലബാറിലെ സാമൂഹിക അന്തരീക്ഷവും ആ എഴുത്തുകളില്‍ ഇടകലര്‍ന്നു. തെയ്യവും തിറയും വ്യാളി മുഖങ്ങളും പഗോഡകളും വര്‍ണോജ്ജ്വലമായി നിറഞ്ഞാടി. തൃക്കോട്ടൂര്‍പെരുമ കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളും സ്വന്തമാക്കി. കഥകളുടെ പൂക്കാലം മലയാളിക്ക് ബാക്കിവെച്ച് കഥാകാരന് കടന്നുപോവുകയാണ്.