• 25 Jan 2021
  • 02: 57 PM
Latest News arrow

''കവിളത്തും ശരീരത്തിലും നഖപ്പാടുകള്‍''; തമിഴ് നടി ചിത്ര കാമരാജിന്റെ മരണത്തില്‍ ദുരൂഹത

ചെന്നൈ: തമിഴ് നടിയും അവതാരകയുമായ ചിത്ര കാമരാജിന്റെ മരണത്തില്‍ ദുരൂഹത. വിജയ ടിവി സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയയായ ചിത്രയെ ചെന്നൈയിലെ ഹോട്ടല്‍ മുരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 28 വയസ്സുകാരിയായ ചിത്രയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിഷാദത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

എന്നാല്‍ ചിത്രയുടെ കവിളത്തും ശരീരത്തിലും കണ്ടെത്തിയ നഖപ്പാടുകളാണ് മരണത്തില്‍ ദുരൂഹത ഉയര്‍ത്തുന്നത്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നീങ്ങുന്നുണ്ട്.

ഇവിപി ഫിലിം സിറ്റിയില്‍ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയത്. ഭാവി വരനായ ഹേമന്ദിനൊപ്പമായിരുന്നു ചിത്ര താമസിച്ചിരുന്നത്. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് മുറിയില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ്.

അമ്മയും ഹേമന്ദുമായുള്ള വഴക്കുകള്‍ മൂലം ഡിസംബര്‍ 4 മുതല്‍ ചിത്ര താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രയും ഹേമന്ദും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞതായുള്ള രേഖകള്‍ ഹേമന്ദ്  പൊലീസിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19ന് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നുവെന്നും ഇതിന്റെ രേഖകളാണ് പൊലീസിന് മുമ്പാകെ ഹേമന്ദ് സമര്‍പ്പിച്ചതെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ചിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രം ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. മരണത്തെക്കുറിച്ചോ വിഷാദത്തെക്കുറിച്ചോ യാതൊരു സൂചനകളും ഇല്ലാത്ത പോസ്റ്റായിരുന്നു അത്. ചിത്രത്തില്‍ ചിത്ര വളരെ സന്തോഷവതിയായിരുന്നു. അതുകൊണ്ട് തന്നെ ചിത്ര ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ ആരാധകര്‍ക്ക് കഴിയുന്നില്ല.