• 18 Jan 2021
  • 10: 24 AM
Latest News arrow

ബുറേവി എത്തും മുമ്പേ പേമാരി: തമിഴ്‌നാട്ടില്‍ മരണം 19 ആയി; കേരളത്തിലും ജാഗ്രത

ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടം. മഴക്കെടുതിയില്‍ 19 പേര്‍ മരിച്ചു. കാവേരി തീരമേഖലയിലാണ് നാശനഷ്ടങ്ങള്‍ കൂടുതല്‍. കേരളത്തിലും പുതുച്ചേരി തീരങ്ങളിലും ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

ബുറേവി തീരം തൊടുന്നതിന് മുമ്പേയാണ് തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലും കാവേരി തീര മേഖലകളിലും പേമാരി ഉണ്ടായിരിക്കുന്നത്. കാര്‍ഷിക മേഖലയായ കാവേരി ഡെല്‍റ്റ മേഖലയിലാണ് ആളപായം കൂടുതലും. കടലൂരില്‍ വീടിടിഞ്ഞ് വീണ് 35 വയസ്സുള്ള സ്ത്രീയും അവരുടെ പത്ത് വയസ്സുകാരി മകളും മരിച്ചു. കാഞ്ചീപുരത്ത് മൂന്ന് പെണ്‍കുട്ടികള്‍ നദിയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വൈദ്യുതാഘാതമേറ്റ് ചെന്നൈയില്‍ മാത്രം നാല് പേര്‍ മരണങ്ങളുമുണ്ടായി. 

കാവേരി ഡെല്‍റ്റാ മേഖലയില്‍ നിന്ന് ആളുകളെ കാര്യമായി മാറ്റിപ്പാര്‍പ്പിച്ചിരുന്നില്ല. തെക്കന്‍ ജില്ലകളില്‍ മാത്രമാണ് കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നത്. നിവാര്‍ ചുഴലിക്കാറ്റിന്റെ ഭീതിയൊഴിഞ്ഞതോടെ വീടുകൡലേക്ക് മടങ്ങിപ്പോയവരാണ് കാവേരി തീരമേഖലയില്‍ മഴക്കെടുതിയില്‍ മരിച്ചത്. തെക്കന്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ രക്ഷാ പ്രവര്‍ത്തകരെ കാവേരി തീരത്തേയ്ക്ക് അയച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം തേടി. തീവ്ര ന്യൂനമര്‍ദ്ദമായി മാറിയ ബുറേവി കഴിഞ്ഞ 35 മണിക്കൂറായി മാന്നാര്‍ കടലിടുക്കില്‍ തന്നെയാണ്. അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ദുര്‍ബലമായ ന്യൂനമര്‍ദ്ദമാകും. കേരള തീരത്തേയ്‌ക്കെത്തുമ്പോള്‍ പരമാവധി 40 കിലോമീറ്ററായിരിക്കും വേഗത. എന്നാല്‍ കേരള, മാഹി, പുതുച്ചേരി, ലക്ഷദ്വീപ് മേഖലകളില്‍ അടുത്ത 24 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 

ദിവസങ്ങള്‍ക്ക് മുമ്പെത്തിയ നിവാര്‍ ചുഴലിക്കാറ്റില്‍ വലിയ ജാഗ്രത പുലര്‍ത്തിയ കാവേരി തീര മേഖലയിലാണ് ഇത്തവണ ആളപായം കൂടുതലും. ചെന്നൈ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.