ദുരഭിമാനം അഭിമാനമോ? വിഴുപ്പ് പേറുന്ന മലയാളി മനസ്സുകള്‍

ദുരഭിമാനത്തിന്റെ വിഴുപ്പ് പേറുന്നുണ്ട് നമ്മള് ഇപ്പോഴും. അത് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് കൊയിലാണ്ടിയിലെ വടിവാല ആക്രമണം. വരനെ വകവരുത്താന്‍ പെണ്‍കുട്ടിയുടെ അമ്മാവന്മാര് വടിവാളുമായെത്തിയ സംഭവം കേരള ജനത ഞെട്ടലോടെയാണ് കണ്ടത്. പ്രണയിച്ച പുരുഷന്റെ കൂടെപ്പോയ പെണ്‍കുട്ടി വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വരികയും ഒടുവില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മാവന്മാര് എതിര്‍ത്തു. കൊയിലാണ്ടി കാവുംപുറത്ത് നിന്നും പെണ്‍കുട്ടിയുടെ വീടായ കീഴരിയൂരിലേക്ക് നിക്കാഹിനായ വരികയായിരുന്ന വരന്റെ കാറിനെ ഇവര്‍ ആക്രമിച്ചു. വടിവാളുള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തിയ അമ്മാവന്മാരും സംഘവും വരന്റെ കാര്‍ തകര്‍ത്തു. പലര്‍ക്കും പരിക്കു പറ്റി. പിന്നീട് ചേരി തിരിഞ്ഞ് ഇരുസംഘവും ഏറ്റുമുട്ടി.
ഇതാദ്യമായല്ല കേരളത്തില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. ഇതിന് മുമ്പ് ബന്ധുക്കളുടെ ദുരഭിമാനത്തിന് ഇരയായ ചെറുപ്പക്കാരനാണ് കെവിന്. അന്ന് ഈ ദുരഭിമാനബോധത്തെക്കുറിച്ച് കേരള ജനത ഏറെ ചര്‍ച്ച ചെയ്തതുമാണ്. എന്നിട്ടും ആവര്‍ത്തിക്കുകയാണ് സമാന സംഭവങ്ങള്‍. രണ്ട് വ്യക്തികള്‍ തമ്മില്‍ നടക്കേണ്ടതാണ് വിവാഹം എന്ന് പറയുന്നത്. എന്നാല്‍ നമ്മുടെ സമൂഹം അതിനെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമാക്കി പ്രതിഷ്ഠിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകള്‍ കുടുംബം നോക്കി വിവാഹബന്ധം ഉറപ്പിക്കുന്നു. അതില്‍ വിവാഹം ചെയ്യാന്‍ പോകുന്ന വ്യക്തികളുടെ മാനസിക അടുപ്പത്തേക്കാള്‍ കുടുംബങ്ങളുടെ ചേര്‍ച്ചയാണ് പലപ്പോഴും മുന്‍പന്തിയില്‍ നില്ക്കുക. ഇത്തരമൊരു സാമൂഹിക ബോധമാണ് ആളുകളില്‍ ദുരഭിമാനം സൃഷ്ടിക്കുന്നത്.
ഈ സാമൂഹിക പശ്ചാത്തലം മാറ്റുക എന്നത് എളുപ്പം കഴിയുന്ന കാര്യമല്ല. പക്ഷേ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കും. അതിന് പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കെവിന്റെ കേസില്‍ തന്നെ നീനു പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തുകയും കെവിന്റെ ജീവന് അപകടത്തിലാണെന്ന് അറിയിക്കുകയും ചെയ്തിട്ടും പൊലീസ് അനങ്ങിയില്ല. മാത്രമല്ല, നീനുവിന്റെ വീട്ടുകാരോടൊപ്പം ചേര്‍ന്ന് കെവിനെ കൊല്ലാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയുമാണ് ചെയ്തത്. കൊയിലാണ്ടി സംഭവത്തിലും നടന്നിരിക്കുന്ന വ്യക്തമായ ഗൂഢാലോചനയും അതിനെ തുടര്‍ന്നുള്ള ആക്രമണവുമാണ്. പെട്ടെന്ന് ഒരു ആവേശത്തില്‍ കണ്ണില്‍ കണ്ടതൊക്കെ എടുത്ത് ആക്രമിക്കുകയായിരുന്നില്ല. മറിച്ച് കയ്യില്‍ കൊണ്ടുനടക്കാന്‍ പാടില്ലാത്ത, വടിവാള്‍ പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു. അതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് കൃത്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
എന്നാല്‍ നിലനില്‍ക്കുന്ന നീതിന്യായ സംവിധാനങ്ങള്‍ കൊണ്ട് മാത്രം പരിഹരിക്കാന്‍ സാധിക്കുന്നതാണോ ഇത്തരം കുറ്റകൃത്യങ്ങള്‍ എന്നതാണ് പ്രസക്തമായ ചോദ്യം. ഇഷ്ടമില്ലാത്ത സമയത്ത് ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നത് തടയുന്നതും ഗാര്‍ഹിക കുറ്റകൃത്യ നിയമപ്രകാരം കുറ്റകരമാണ്. അതുകൊണ്ട് തന്നെ കര്‍ശനമായ നടപടികള്‍ ഇത്തരം കേസുകളില്‍ സ്വീകരിക്കേണ്ടത് സുപ്രധാനമാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍