• 18 Jan 2021
  • 09: 09 AM
Latest News arrow

ഹൈദരാബാദില്‍ ടിആര്‍എസിന് കനത്ത തിരിച്ചടി; ബിജെപിയ്ക്ക് വന്‍ കുതിപ്പ്; ആര്‍ക്കും ഭൂരിപക്ഷമില്ല

ഹൈദരാബാദ്: ഏറെ നിര്‍ണായകമായ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി ഒന്നാമതെത്തിയെങ്കിലും ശക്തികേന്ദ്രങ്ങളില്‍ പലതിലും ബിജെപി മുന്നേറി. 150 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 56 ഇടത്ത് ടിആര്‍എസും 46 ഇടത്ത് ബിജെപിയും 42 ഇടത്ത് എഐഎംഐഎമ്മും വിജയിച്ചു. കോണ്‍ഗ്രസിന് രണ്ടിടത്തേ വിജയിക്കാനായുള്ളൂ. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സഖ്യചര്‍ച്ചകള്‍ ഉടന്‍ ആരംഭിച്ചേക്കും.

കഴിഞ്ഞ് തെരഞ്ഞെടുപ്പില്‍ നാലിടത്ത് മാത്രം വിജയിച്ച ബിജെപി ഇത്തവണ വലിയ മുന്നേറ്റമാണ് കാഴ്ച വെച്ചത്. ടിആര്‍എസിന് ബദല്‍ തങ്ങള്‍ മാത്രമാണെന്ന് ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു. മോദിയുടെ ഭരണത്തിന് ലഭിച്ച അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ഒവൈസിയുടെ എഐഎംഐഎം 51 സീറ്റുകളിലാണ് മത്സരിച്ചത്. അതില്‍ 42 ഇടത്തും ജയിക്കാനായത് അവര്‍ക്ക് വലിയ നേട്ടമായി അവകാശപ്പെടാം. യോഗി ആദിത്യനാഥ് അടക്കമുള്ള കേന്ദ്രനേതാക്കളെ ഇറക്കി വന്‍ പ്രചാരണമാണ് ബിജെപി നടത്തിയത്. ജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് മാറ്റി 'ഭാഗ്യനഗര്‍' ആക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതടക്കം വലിയ വിവാദമായിരുന്നു.

ആകെയുള്ള 150 വാര്‍ഡുകളില്‍ 100 വാര്‍ഡിലും ടിആര്‍എസ്-ബിജെപി നേര്‍ക്ക്‌നേര്‍ പോരാട്ടമാണ് നടന്നത്. മതാടിസ്ഥാനത്തില്‍ വോട്ടുകള്‍ കൃത്യമായി പിളര്‍ത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞുവെന്നതാണ് വന്‍മുന്നേറ്റത്തിലൂടെ വ്യക്തമാകുന്നത്. ഗ്രേറ്റര്‍ ഹൈദരാബാദ് എന്ന ഈ കോര്‍പ്പറേഷന്‍ മേഖലയില്‍ 25 നിയമസഭാ മണ്ഡലങ്ങളുണ്ട്. നാല് ലോക്‌സഭാ സീറ്റുകളുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയ്ക്കും ടിആര്‍എസ്സിനും അഭിമാനപോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പ്. കൗണ്ടിങ് കേന്ദ്രങ്ങളില്‍ ഏറ്റവും മുതിര്‍ന്ന നേതാക്കളെത്തന്നെയാണ് ടിആര്‍എസ്സും ബിജെപിയും എഐഎംഐഎമ്മും കോണ്‍ഗ്രസും നിയോഗിച്ചിരുന്നത്.