• 18 Jan 2021
  • 08: 54 AM
Latest News arrow

''തമിഴര്‍ക്ക് വേണ്ടി ജീവന്‍ ബലികഴിക്കും''; രജനീകാന്ത്

ചെന്നൈ: തമിഴ് ജനതയ്ക്ക് വേണ്ടി ജീവന്‍പോലും ബലികഴിക്കാന്‍ തയ്യാറാണെന്ന് രജനീകാന്ത്. തന്റെ രാഷ്ട്രീയ പാര്‍ട്ടി ജനുവരിയില്‍ പ്രഖ്യാപിക്കുമെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മുമ്പ് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് രജനീകാന്തിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും ജാതിക്കും മതത്തിനും അതീതമായ മതനിരപേക്ഷ ആത്മീയതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്നും രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 

''നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നിശ്ചമായും വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതി വിരുദ്ധവും ജാതി മത വിശ്വാസങ്ങള്‍ക്ക് അതീതവുമായ മതനിരപേക്ഷ ആത്മീയ രാഷ്ട്രീയം ജനങ്ങള്‍ക്ക് നല്‍കും. തീര്‍ച്ചയായും അത്ഭുതങ്ങള്‍ സംഭവിക്കും.''രജനീകാന്ത് ട്വീറ്റ് ചെയ്തു.

തൊട്ടുപിന്നാലെ തമിഴര്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍പോലും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന് അദ്ദേഹം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. താന്‍ വിജയിച്ചാല്‍ അത് ജനങ്ങളുടെ വിജയമാണെന്നും പരാജയപ്പെട്ടാല്‍ അത് ജനങ്ങളുടെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് രജനീകാന്ത് രാഷ്ട്രീയ രംഗപ്രവേശം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്.