• 18 Jan 2021
  • 09: 13 AM
Latest News arrow

പെരിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ''സിബിഐ അന്വേഷണം ആകാം''

പെരിയ കേസില്‍ സിബിഐ അന്വേഷണം ആകാം എന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് കോടതി ശരിവെച്ചു. വിചാരണയെ ബാധിക്കുന്നതിനാല്‍ കേസില്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് പോകുന്നില്ല എന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസിന്റെ രേഖകള്‍ എത്രയും വേഗം കൈമാറാന്‍ പൊലീസിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസ് സിബിഐയ്ക്ക് കൈമാറിയതു കൊണ്ട് മാത്രം പൊലീസിന്റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

കുറ്റപത്രം നിലനില്‍ക്കുകയും വിചാരണക്കോടതി അത് പരിശോധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അത് ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ പ്രധാനമായും കോടതിയില്‍ ഉന്നയിച്ച കാര്യം ഇതായിരുന്നു. ''ഈ കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ച വേളയില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല എന്ന ഒരു നിലപാടാണ് അവര്‍ കോടതിയെ അറിയിച്ചത്. മാത്രമല്ല, കൊല്ലപ്പെട്ടവരും പ്രതികളും തമ്മില്‍ ശത്രുതയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചതാണ്. പൊലീസ് അന്വേഷണം പൂര്‍ണവുമായിരുന്നു. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള വിചാരണ നടക്കണം.'' 

പക്ഷേ, സിബിഐ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ പരാതിയാണ് കോടതിയെ അറിയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ഒന്നും തന്നെ സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്നില്ല. കേസ് ഡയറിയും മറ്റ് രേഖകളും ആവശ്യപ്പെട്ടപ്പോഴൊക്കെ നിഷ്‌ക്രിയമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. സിബിഐയുടെ ആവശ്യം ശരിവെച്ച കോടതി സിബിഐ അന്വേഷണം തുടങ്ങിയ സ്ഥിതിയ്ക്ക് ഇനി അതില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി. ഇതോടെ സംസ്ഥാന സര്‍ക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.