• 18 Jan 2021
  • 10: 20 AM
Latest News arrow

'ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടും ബാപ്പ പള്ളിയില്‍ പോയിട്ടില്ല'

രാജ്യത്തുള്ള കര്‍ഷകരെല്ലാവരും കൂടി കേന്ദ്ര സര്‍ക്കാരിനെ പിടിച്ചുകെട്ടാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ കര്‍ഷകരുടെ സമരത്തെ ശക്തമായി നേരിടാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഒന്നുകില്‍ ചര്‍ച്ച കൊണ്ട്, അല്ലെങ്കില്‍ ലാത്തി കൊണ്ട്. പക്ഷേ, കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ ഒരു ഇഞ്ച് പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍. 

എന്നാല്‍ ഇട്ട മുട്ട തിരിച്ചെടുക്കാന്‍ പറ്റാത്തതുപോലെ ഇട്ട ചട്ടവും തിരിച്ചെടുക്കാന്‍ പറ്റില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് പക്ഷേ, മുട്ടാപോക്ക് പറയുന്നതാണ്. ഇപ്പോള്‍ തന്നെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇട്ട 118 എ മുട്ടകള്‍ തിരിച്ചെടുത്തില്ലേ. അതുപോലെ കേന്ദ്രസര്‍ക്കാരും എടുക്കണം. 

പക്ഷേ, അങ്ങിനെയെടുക്കാന്‍ ഇത് ജനദ്രോഹ ചട്ടമല്ലല്ലോ എന്നാണ് അപ്പോള്‍ സര്‍ക്കാരിന്റെ വാദം. പുറത്തിറക്കിയ മൂന്ന് കര്‍ഷനിയമങ്ങളും കര്‍ഷക വിരുദ്ധമെന്നത് കര്‍ഷക മിത്രങ്ങളുടെ തെറ്റിദ്ധാരണയാണത്രെ.

അത് ശരിയല്ല. ഈ മൂന്ന് നിയമങ്ങളില്‍ ആദ്യത്തെ നിയമമായ കാര്‍ഷികോല്‍പ്പന്ന വ്യാപാര പ്രോത്സാഹന നിയമത്തില്‍ പ്രോത്സാഹം പേരില്‍ മാത്രമേയുള്ളൂ. ഫലത്തില്‍ കര്‍ഷക ദ്രോഹം തന്നെയാണ്. രണ്ടാമത്തെ നിയമമായ കര്‍ഷക ശാക്തീകരണ സംരക്ഷണ വില ഉറപ്പാക്കല്‍ കൃഷി സേവന നിയത്തിലും സേവനമെന്നത് പേരില്‍ മാത്രമേയുള്ളൂ. മൂന്നാമത്തെ അവശ്യ സാധന നിയമഭേദഗതിയാണെങ്കില്‍ പറയുകയും വേണ്ട. സംഗതി കര്‍ഷക ദ്രോഹം മാത്രമല്ല, ജനദ്രോഹം കൂടിയാണ്.

എന്നാല്‍ ഇതെല്ലാം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മാത്രമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ഈ പറയുന്നത് പോലെ ഇവ കര്‍ഷക ദ്രോഹമാണെങ്കില്‍ കര്‍ഷകരുടെ കേദാര ഭൂമിയായ ബീഹാറില്‍ എങ്ങിനെയാണ് തങ്ങള്‍ അധികാരത്തിലേറിയതെന്നും ബിജെപി വൃത്തങ്ങള്‍ ചോദിക്കുന്നു. മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളില്‍ എങ്ങിനെ വെന്നിക്കൊടി പാറിച്ചുവെന്നും അവര്‍ ആരായുന്നു. കര്‍ഷകദ്രോഹം വോട്ടില്‍ പ്രതിഫലിക്കില്ലായിരുന്നോ?

എന്നാല്‍ ഈ ലൊട്ടുലൊടുക്ക് ന്യായത്തിലൊന്നും കര്‍ഷകര്‍ പിന്നോട്ടു പോകില്ല. ബാരിക്കേഡുകള്‍ എടുത്ത് യമുനയില്‍ എറിഞ്ഞ് അവര്‍ മുന്നോട്ടുപോവുക തന്നെ ചെയ്യും. പക്ഷേ, മുന്നോട്ടുപോവുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നതാണ് മറ്റൊരു വസ്തുത. കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കാന്‍ കൊണ്ടുവന്ന ഈ കര്‍ഷക ദ്രോഹം പിന്‍വലിച്ചാല്‍ സര്‍ക്കാരിന് തന്നെ പുലിവാലാകും. കോര്‍പ്പറേറ്റ് പുലികള്‍ സര്‍ക്കാരിനെതിരെ തിരിയും.