• 18 Jan 2021
  • 09: 04 AM
Latest News arrow

മാറി നില്‍ക്കുന്നത് തെറ്റിദ്ധാരണ പരത്തുമെന്ന് സിപിഎം തീരുമാനം; രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് നീങ്ങുകയാണ്. ചോദ്യം ചെയ്യലില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മാറി നിന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കും. ഇന്നലെ സിഎം രവീന്ദ്രന്‍ ആശുപത്രി വിട്ടിരുന്നു.

ഒരാളുടെ കൊവിഡ് ബാധയും അദ്ദേഹത്തിന്റെ ആശുപത്രിയിലുള്ള ചികിത്സയും ഇതിന് മുമ്പ് സംസ്ഥാനത്ത് ഇത്രയും വിവാദപരമായിട്ടില്ല. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വലിയ വിമര്‍ശനവും പരിഹാസവുമൊക്കെ ഉയര്‍ന്നുവന്നു. ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതിന്റെ തലേ ദിവസം തന്നെ കൊവിഡ് സ്ഥിരീകരിച്ചതാണ് ഇതിന് കാരണം. കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് കൊവിഡ് മുക്തനായതിന് ശേഷം കൊവിഡാനന്തര ചികിത്സ എന്നും പറഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇതാണ് വിമര്‍ശനത്തിന് വഴിവെച്ചത്. 

ഇതോടെ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം രവീന്ദ്രന്റെ ചികിത്സ തുടര്‍ന്നു പോകേണ്ടെന്ന തീരുമാനമെടുത്തത്. എന്തൊക്കെ സംഭവിച്ചാലും ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്യും. അതുകൊണ്ട് എത്രയും പെട്ടെന്ന് ചോദ്യം ചെയ്യലിന് വിധേയനാവുക എന്നത് തന്നെയാണ് നല്ലതെന്ന തീരുമാനം യോഗം കൈക്കൊണ്ടു. ഇതോടെയാണ്  സിഎം രവീന്ദ്രനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തത്. 

മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് സിഎം രവീന്ദ്രന്‍. സംസ്ഥാന പാര്‍ട്ടി കേന്ദ്രങ്ങളുമായും അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്യുമ്പോള്‍ അതിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ഇന്നലെ സംസ്ഥാനത്തിന്റെ പല ഭാഗത്തും നടന്ന റെയ്ഡുകളൊക്കെ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.