• 02 Dec 2020
  • 09: 44 PM
Latest News arrow

മഹാരഥരായ മാധ്യമപ്രവര്‍ത്തകര്‍ പുനര്‍ജനിക്കുന്നു, 'ഓര്‍മ്മയിലെ പഴയ താളുകളി'ല്‍

കേരളത്തിലെ പത്രപ്രവര്‍ത്തന രംഗത്ത് വലിയ സംഭാവനകള്‍ അര്‍പ്പിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ പത്രപ്രവര്‍ത്തകരുടെ ജീവിതവും സംഭാവനകളും വിലയിരുത്തിക്കൊണ്ട് അക്ഷര സ്മാരകം ഒരുക്കി മലയാള മനോരമയിലെ സഹപ്രവര്‍ത്തകര്‍. 'ഓര്‍മ്മയിലെ പഴയ താളുകള്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലൂടെയാണ് മണ്‍മറഞ്ഞ സഹപ്രവര്‍ത്തകര്‍ക്കുള്ള സ്‌നേഹാഞ്ജലി ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ മനോരമ കൈവരിച്ച സമ്മുന്നത സ്ഥാനവും അതിന് വഴിയൊരുക്കിയ മഹാരഥരായ മാധ്യമപ്രവര്‍ത്തകരുമാണ് ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ പുനര്‍ജനിക്കുന്നത്. 

ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 264 പേജുള്ള പുസ്തകത്തിന്റെ ഉള്ളടക്കം ഒരു കാലഘട്ടത്തിന്റെ, പ്രത്യേകിച്ച് പ്രിന്റ് മീഡിയയുടെ സുവര്‍ണ കാലത്തിന്റെ നേര്‍ രേഖ കൂടിയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതൊരു പാഠപുസ്തകമെങ്കില്‍ സാധാരണക്കാര്‍ക്ക് ജീവഗന്ധിയായ കഥകളുടെ നേര്‍ക്കാഴ്ചയാണ്.

സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി രചിച്ച പുസ്തകങ്ങള്‍ വേറെയുമുണ്ടാകാം. പക്ഷേ, സഹപ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരുമിച്ചെഴുതി പ്രസിദ്ധീകരിക്കുന്ന ഓര്‍മ്മപ്പുസ്തകം ഇത് ആദ്യമായിട്ടായിരിക്കും. ഇങ്ങനെ ഒരു പുസ്തകത്തെക്കുറിച്ചുള്ള എന്റെ ആശയം പങ്കുവെച്ചപ്പോള്‍ ലഭിച്ച ആവേശവും സഹകരണവുമാണ് ഈ ഉദ്യമം സഫലമാക്കിയതെന്ന് പ്രസാധകനായ ആന്റണി കണയംപ്ലാക്കല്‍ ആമുഖത്തില്‍ എഴുതി.