• 02 Dec 2020
  • 09: 43 PM
Latest News arrow

രണ്ടില ചിഹ്നം ജോസ് കെ മാണിയ്ക്ക്; പിജെ ജോസഫിന് തിരിച്ചടി

രണ്ടില ചിഹ്നം ജോസ് കെ മാണിയ്ക്ക് നല്‍കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. തീരുമാനം ചോദ്യം ചെയ്ത് പിജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. 

ആഴ്ചകള്‍ ഹെക്കോടതിയില്‍ നടന്ന വാദപ്രതിവാദത്തിനൊടുവിലാണ് ജോസ് കെ മാണിയ്ക്ക് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. 

കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിയ്ക്ക് അനുകൂലമായി  ഉത്തരവ് പുറപ്പെടുവിക്കുന്നത്. അതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ഈ തീരുമാനം ശരിയല്ലെന്നും റദ്ദ് ചെയ്യണമെന്നുമാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. ജോസഫ് വിഭാഗത്തിന്റെ ഹര്‍ജി പരിഗണിച്ച കോടതി രണ്ടില ചിഹ്നം താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. ഈ സാഹചര്യത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും വ്യത്യസ്ത ചിഹ്നങ്ങള്‍ അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

ജോസ് കെ മാണിയ്ക്ക് ചിഹ്നം അനുവദിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധിപ്രകാരമല്ലെന്നായിരുന്നു ജോസഫ് വിഭാഗം വാദിച്ചിരുന്നത്. എന്നാല്‍ ജോസ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത് ശരിയാണെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. എന്തായാലും നിയമനടപടികള്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ജോസഫ് വിഭാഗം ഈ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കും.