• 02 Dec 2020
  • 10: 07 PM
Latest News arrow

ബിജെപിയില്‍ പൊട്ടിത്തെറി കനക്കുന്നു; പ്രതിഷേധം കടുപ്പിച്ച് ശോഭാ സുരേന്ദ്രന്‍; നേതൃയോഗത്തില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ബിജെപിയില്‍ പൊട്ടിത്തെറി സാധ്യത സജീവമായിരിക്കുകയാണ്. ഇന്ന് നടക്കുന്ന നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കില്ല. കേരളത്തിന്റെ ചുമതലയുള്ള പ്രധാനിയായി സിപി രാധാകൃഷ്ണന്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ നേതൃയോഗമാണിത്. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ഉള്‍പ്പെടെ 54 പേരാണ് ഈ യോഗത്തില്‍ പങ്കെടുക്കേണ്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവകലനം ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം തന്നെ പാര്‍ട്ടിക്കുള്ളില്‍ നിലവില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തര്‍ക്കം ചര്‍ച്ചയായേക്കും.

ബിജെപിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ തര്‍ക്കം ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ടാണ്. ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭാ സുരേന്ദ്രന്‍ പുന:സംഘടന വന്നപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റായി. ഏറെക്കാലും മിണ്ടാതിരുന്നെങ്കിലും അടുത്തിടെ ശോഭാ സുരേന്ദ്രന്‍ ഇതിനെതിരെ പരസ്യമായി തന്നെ രംഗത്ത് വന്നു. തന്നെ തരംതാഴ്ത്തുകയാണെന്നും കെ സുരേന്ദ്രനാണ് ഇതിന് പിന്നിലെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് തന്നെയാണ് പ്രധാനി സിപി രാധാകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. 

ഈ പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും താന്‍ നടത്തും. ശോഭാ സുരേന്ദ്രനോട് യോഗത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുമെന്നും സിപി രാധാകൃഷ്ണന്‍ പറഞ്ഞു. 

പക്ഷേ, വി മുരളീധരന്റേതിനേക്കാളും കെ സുരേന്ദ്രന്റെ ഒരു നിലപാടാണ് ഇക്കാര്യത്തില്‍ ഏറെ നിര്‍ണായകം. ശോഭാ സുരേന്ദ്രനെ പഴയ പോസ്റ്റിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇരുവരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒത്തുതീര്‍പ്പ് എങ്ങിനെയാകുമെന്ന കാര്യം കീറാമുട്ടിയായി തുടരുകയാണ്.