• 02 Dec 2020
  • 08: 49 PM
Latest News arrow

സ്വപ്‌നയുടെ ശബ്ദരേഖ: അന്വേഷണം സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്നുള്ള വലിയ വിവാദങ്ങളും രാഷ്ട്രീയ കോളിളക്കങ്ങളുമാണ് ഇന്നലെ കേരളം കണ്ടത്. അതിന്‍ തൊട്ടുമുമ്പ് കിഫ്ബി വിവാദത്തില്‍ സിആന്‍ഡ്എജി റിപ്പോര്‍ട്ടിനെതിരെ ധനമന്ത്രി പറഞ്ഞതും പിന്നീട് ധനമന്ത്രിയുടെ വാദം പൊളിഞ്ഞതും അതിനെ ചൊല്ലിയുള്ള വിവാദങ്ങളുമൊക്കെയായിരുന്നു. ഈ പശ്ചാത്തലത്തില്‍ നിര്‍ണായകമായ ചില രാഷ്ട്രീയ നിലപാടുകള്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം ഇന്ന് രൂപം കൊടുക്കും. ഇതിനായി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും ഇന്ന് ചേരും. 

ഒരു ധര്‍മ്മ സങ്കടത്തിലാണ് പൊലീസ് ഇപ്പോള്‍ ഉള്ളതെന്നാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഉദ്യോഗസ്ഥരുടെ നിലപാടുകളിലും നിന്ന് മനസ്സിലാക്കിയിട്ടുള്ളത്. ഈയൊരു സാഹചര്യത്തിലാണ് എജിയുടെ നിയമോപദേശം തേടിക്കൊണ്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന് ഇന്നലെ തീരുമാനിക്കുകയും അതനുസരിച്ച് വൈകിട്ട് തന്നെ എജിയോട് നിയമോപദേശം തേടുകയും ചെയ്തത്. വളരെ പ്രധാനപ്പെട്ട ഒരു വിഷമായതുകൊണ്ട് ഇന്ന് തന്നെ എജിയുടെ നിയമോപദേശം ലഭിച്ചേക്കും. 

ഏത് രീതിയില്‍ നോക്കിയാലും തെറ്റായാ കാര്യമാണ് നടന്നിട്ടുള്ളത്. പക്ഷേ, എവിടെ വെച്ചാണ് ഈ ശബ്ദ സന്ദേശം റെക്കോര്‍ഡ് ചെയ്തതെന്ന കാര്യം ഇപ്പോഴും അറിയില്ല. അട്ടക്കുളങ്ങര ജയിലില്‍ നടന്ന സംഭവമല്ലെന്നാണ് ജയില്‍ അധികൃതര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയത്. നേരത്തെ സ്വപ്നയെ എറണാകുളത്തും മറ്റ് പല സ്ഥലങ്ങളിലും വെച്ച് ചോദ്യം ചെയ്യുകയും ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. അവിടെയെങ്ങാനും വെച്ച് റെക്കോര്‍ഡ് ചെയ്തതാണോയെന്ന് സംശയമുണ്ട്. സ്വപ്‌ന സുരേഷ് ആകെ ഫോണ്‍ ചെയ്തത് അമ്മയ്ക്ക് മാത്രമാണ്. അമ്മയ്ക്ക് ഫോണ്‍ ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥര്‍ അടുത്തുണ്ടായിരുന്നു. പുറത്ത് വന്ന ശബ്ദ സന്ദേശത്തിന്റെ മറുതലയ്ക്കല്‍ മൂളിക്കേള്‍ക്കുന്നത് ഒരു സ്ത്രീയാണ്. അതാരാണെന്ന് വ്യക്തമായിട്ടില്ല. 

ഇഡി, കസ്റ്റംസ്, വിജിലന്‍സ് ഉദ്യോഗസ്ഥരാണ് സ്വപ്നയെ ചോദ്യം ചെയ്തിട്ടുള്ളത്. ഈ അന്വേഷണ സംഘങ്ങള്‍ പരസ്പരം സംശയിക്കുന്നുണ്ട്. സന്ദര്‍ശകരെ കുറിച്ച് ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സന്ദര്‍ശകര്‍ക്ക് ഉപകരണങ്ങളുമായി ജയിലിലേക്ക് പോകാനുള്ള സാധ്യതയില്ല. അതുകൊണ്ട് ആര്‍ക്കെതിരെ കേസെടുക്കും എന്നതാണ് ഒരു നിയമപ്രശ്‌നം.