• 02 Dec 2020
  • 09: 39 PM
Latest News arrow

''മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിക്കുന്നു''; സ്വപ്‌നയുടേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് നിര്‍ബന്ധിക്കുന്നതായി സ്വപ്‌ന സുരേഷ് പറഞ്ഞതായുള്ള ശബ്ദ സന്ദേശം പുറത്ത് വിട്ട് ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍. ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ സന്ദേശം പുറത്ത് വന്നത് അവരെ നിയമം ലംഘിച്ച് പലരും സന്ദര്‍ശിച്ചതിന്റെ തെളിവാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. 

''ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില്‍ യുഎഇയില്‍ പോയി സിഎമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോഷിയേഷന്‍ ചെയ്തിട്ടുണ്ടെന്ന്. അപ്പോള്‍ എന്നോട് അത് ഏറ്റു പറയാനാണ് പറയണത്. അപ്പോള്‍ എന്നെ മാപ്പു സാക്ഷിയാക്കാമെന്ന്. ഞാന്‍ ഒരിക്കലും അത് ചെയ്യില്ലാന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ വീണ്ടും ജയിലില്‍ വരുമെന്ന് പറഞ്ഞ് അവര്‍ നിര്‍ബന്ധിച്ചിട്ട് പോയി.'' എന്നാണ് സ്വപ്‌ന സുരേഷിന്റേതായി പുറത്ത് വന്ന സന്ദേശം.

ഒരു സ്വകാര്യ പോര്‍ട്ടല്‍ പുറത്തുവിടുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്ത ഈ സന്ദേശത്തില്‍ രണ്ട് കാര്യങ്ങളാണ് പറയുന്നത്. ശിവശങ്കറിനായി യുഎഇയില്‍ പോയി മുഖ്യമന്ത്രിയ്ക്കായി സാമ്പത്തിക ചര്‍ച്ചകള്‍ നടത്തിയെന്ന് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നു. മൊഴികള്‍ വായിച്ച് പോലും നോക്കാന്‍ സമ്മതിക്കാതെ ഒപ്പിടുവിക്കുന്നു. 36 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള സന്ദേശം സ്വപ്‌നയുടേതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് എപ്പോള്‍ ആരോട് പറഞ്ഞതാണെന്നോ എങ്ങിനെ പുറത്തുവന്നുവെന്നോ വ്യക്തമല്ല. സന്ദേശത്തെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അടക്കം അന്വേഷിക്കുന്നുണ്ട്. സന്ദേശം യഥാര്‍ത്ഥമാണോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. സ്വപ്‌ന സുരേഷിനെ കസ്റ്റംസും ഇഡിയും വിജിലന്‍സും മണിക്കൂറുകള്‍ ജയിലില്‍ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയായിരുന്നു ഈ ചോദ്യം ചെയ്യല്‍. ചില ബന്ധുക്കള്‍ ജയിലില്‍ സ്വപ്നയെ സന്ദര്‍ശിക്കുകയും ചെയ്തു. 

നിയമം ലംഘിച്ച് സ്വപ്നയെ ജയിലില്‍ പലരും സന്ദര്‍ശിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. തോമസ് ഐസക്കിന് വേണ്ടിയും മുഖ്യമന്ത്രിയ്ക്ക് വേണ്ടിയും പലരും സ്വപ്‌ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. ആദ്യ ദിവസം തന്നെ സ്വപ്‌നയെ 15 പേരാണ് ജയിലില്‍ സന്ദര്‍ശിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സന്ദേശം പുറത്ത് വന്നത്. ജയില്‍ കഴിയുന്ന സ്വപ്‌നയുടെ സന്ദേശം പുറത്ത് വന്നത് തന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്നതാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.