• 02 Dec 2020
  • 08: 45 PM
Latest News arrow

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; ഒരു രാഷ്ട്രീയ ആയുധം

തിരുവനന്തപുരം: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അഴിമതിയ്‌ക്കെതിരെ ഒരു വോട്ട് എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മുന്നോട്ടുപോകുമ്പോഴാണ് അഴിമതിക്കേസില്‍ എംഎല്‍എമാര്‍ ഓരോരുത്തരായി അറസ്റ്റിലാകുന്നത്. അതുകൊണ്ടാണ് ഇതിനെതിരെ രാഷ്ട്രീയ ഗൂഢാലോചന എന്ന ആയുധം അവര്‍ കയ്യിലേന്തുന്നത്. എന്നാല്‍ ഇതുകൊണ്ട് മാത്രം പ്രതിപക്ഷത്തിന് മുന്നോട്ടുപോകാന്‍ കഴിയുമോയെന്നതും പ്രശ്‌നമാണ്. 

ഇന്നലത്തെ സംഭവത്തോടു കൂടി കേരളരാഷ്ട്രീയത്തില്‍ ഒരു യൂടേണ്‍ ഉണ്ടായിരിക്കുകയാണ്. വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത രീതി നോക്കുമ്പോള്‍ കടുത്ത നടപടികളിലേക്കാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പോകുന്നതെന്ന് മനസ്സിലാക്കേണ്ടി വരും. വിജിലന്‍സ് സംഘം ഇന്നലെ ആദ്യം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തുന്നു. അദ്ദേഹം ആശുപത്രിയിലാണെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാതെ വീടിനുള്ളില്‍ കയറി പരിശോധന നടത്തുന്നു. അതിന് ശേഷം ആശുപത്രിയിലെത്തുന്നു. ആശുപത്രിയില്‍ അഡ്മിറ്റായ ആളെ അവിടെ വെച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്തുന്നു. അതായത് മറ്റൊരു സാധ്യതയ്ക്കും അവസരം കൊടുക്കാതെയുള്ള അറസ്റ്റ്. 

ഈ അറസ്റ്റിന് തൊട്ടുപിന്നാലെ പ്രതികരണങ്ങളുമായി രംഗത്തെത്തിയത് സംസ്ഥാനത്തെ യുഡിഎഫിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളാണ്. ആദ്യം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇത് രാഷ്ട്രീയ പ്രേരിതമായ കാര്യമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. പിന്നീട് പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍, മുന്‍ കണ്‍വീനര്‍ എന്നിവരൊക്കെ അറസ്റ്റിനെ എതിര്‍ത്തു. അതേസമയം നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്നാണ് സിപിഎം-എല്‍ഡിഎഫ്  നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

ആറ് മാസമാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ളത്. ഇപ്പോള്‍ തന്നെ എല്‍ഡിഎഫ് നേതൃത്വം പല പ്രശ്‌നങ്ങളില്‍ പെട്ട് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച് പിടിച്ചുനില്‍ക്കുകയാണ്. ഇതിനെതിരെ യുഡിഎഫ് നേതാക്കള്‍ ശക്തമായ നിലപാടുകള്‍ എടുക്കുമ്പോള്‍ അതിനെ കൃത്യമായി ഖണ്ഡിക്കാനുള്ള ശ്രമമാണ് സിപിഎമ്മും എല്‍ഡിഎഫും നടത്തുന്നത്. അതിനിടയില്‍ ഈ രണ്ട് മുന്നണികളും അഴിമതി മുന്നണികളാണെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു സ്‌പെയ്‌സ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. 

അഴിമതിയ്‌ക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് എംഎല്‍എമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ ഇതുപോലെയുള്ള അഴിമതിക്കേസുകള്‍ ഒന്നൊന്നായി വരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വാദകോലാഹലങ്ങള്‍ നടക്കുന്ന, ആറ് മാസം കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന, സംസ്ഥാനത്താണ് അതിപ്രധാനമായ ഈ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയം.