• 02 Dec 2020
  • 09: 12 PM
Latest News arrow

നാടകീയ സംഭവങ്ങളും അപ്രതീക്ഷിത നീക്കങ്ങളും; ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് ഇങ്ങിനെ...

ആലുവ: അത്യന്തം നാടകീയമായ രംഗങ്ങളാണ് രാവിലെ എട്ട് മണി മുതല്‍ ആലുവയിലെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ നടന്നത്. ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്ന് ഭാര്യ അറിയിച്ചിട്ടും വീട്ടിനുള്ളില്‍ കയറി വിജിലന്‍സ് സംഘം പരിശോധന നടത്തി.

രണ്ടാഴ്ച മുമ്പ് തന്നെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനമെടുത്തിരുന്നു. ഭരണനേതൃത്വത്തിന്റെ അറിവോടെ വിജിലന്‍സ് ഇതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ വിവരം ചോര്‍ന്ന് കിട്ടിയതോടെ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ പ്രവേശനം തേടി. കുറച്ച് ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് തിരിച്ചെത്തിയ ഇബ്രാഹിംകുഞ്ഞ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സജീവമായി പങ്കെടുക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് ഇന്ന് രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എട്ട് മണിയോടെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തി. 

ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിലാണെന്ന് ഭാര്യ ഉദ്യോഗസ്ഥരെ അറിയിച്ചു. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ഒരു നമ്പറും നല്‍കി. എന്നാല്‍ ഒരു പ്രതികരണവുമുണ്ടായില്ല. ഒപ്പമുണ്ടെന്ന് പറഞ്ഞയാളെയും വിളിച്ചിട്ടും പ്രതികരണമില്ല. ഇതോടെയാണ് ലോക്കല്‍ പൊലീസിനെ കൂടി വിളിച്ചുവരുത്തി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടിനുള്ളില്‍ കയറിയത്. 

ഇതിനിടെ ലെയ്ക്ക് ഷോര്‍ ആശുപത്രിയില്‍ ഇബ്രാഹിം കുഞ്ഞ് ചികിത്സയിലാണെന്ന് സ്ഥിരീകരണമെത്തി. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിലെത്തിയെന്നും വ്യക്തമായി. തുടര്‍ന്ന് ചില ഉദ്യോഗസ്ഥരെ വീട്ടില്‍ നിര്‍ത്തി ഡിവൈഎസ്പി ശ്യാംകുമാര്‍ ഉള്‍പ്പെടെ ഒരു സംഘം ആശുപത്രിയിലേക്ക് തിരിച്ചു. ഇബ്രാഹിംകുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുക്കുമ്പോഴായിരുന്നു വിജിലന്‍സിന്റെ ഈ നീക്കം. ഐസിയുവിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി. തുടര്‍ന്ന് ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം ചികിത്സാ മുറിയില്‍ കയറി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.