• 02 Dec 2020
  • 09: 38 PM
Latest News arrow

രണ്ടില വാടി: 'ചെണ്ട കൊട്ടി ടേബിള്‍ഫാന്‍ കറക്കി' ജോസും ജോസഫും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നമായി അനുവദിച്ചു. 

കേരള കോണ്‍ഗ്രസിന്റെ ഇരുവിഭാഗങ്ങളും രണ്ടില ചിഹ്നം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. രണ്ട് മാസം മുമ്പ് തന്നെ ഈ കത്തില്‍ കമ്മീഷന്‍ വിശദമായി പരിശോധന നടത്തുകയും ചെയ്തു.  എന്നാല്‍ രണ്ട് വിഭാഗങ്ങളും ഒരേ ചിഹ്നം വേണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് ചിഹ്നം മരവിപ്പിക്കുക എന്ന നടപടിയാണ് കമ്മീഷന്‍ ഇപ്പോള്‍ സ്വീകരിച്ചത്. 

ചിഹ്നവുമായി ബന്ധപ്പെട്ട ഒരു കേസ് കേരള ഹൈക്കോടതിയില്‍ നിലവിലുള്ളതുകൊണ്ടാണ് നടപടിയെടുക്കാന്‍ കമ്മീഷന്‍ ഇത്രയും വൈകിയത്.   കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് വിഭാഗത്തിനാണ് ആദ്യം രണ്ടില ചിഹ്നം അനുവദിച്ചത്. അതിനെ ചോദ്യം ചെയ്തുകൊണ്ട് പിജെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. ഇപ്പോള്‍ കോടതി ആ ചിഹ്നം സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേസില്‍ വാദം തുടരുന്നുമുണ്ട്. അതുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് വരാന്‍ വേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാത്തിരിക്കുകയായിരുന്നു. 

പക്ഷേ, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി വ്യാഴാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ഇനിയും ചിഹ്നം അനുവദിക്കുന്ന കാര്യം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് കമ്മീഷന്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇതിനിടയില്‍ ഹൈക്കോടതി വിധി വന്നാല്‍ അതിനനുസരിച്ച് ഒരു മാറ്റം വരും. രണ്ട് പാര്‍ട്ടികളും രണ്ടില കിട്ടിയില്ലെങ്കില്‍ നല്‍കേണ്ട ചിഹ്നങ്ങള്‍ നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചിഹ്നങ്ങള്‍ അനുവദിച്ചത്.