• 02 Dec 2020
  • 08: 20 PM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസ്: എം ശിവശങ്കറിന് ജാമ്യമില്ല

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിന് കോടതി ജാമ്യം നല്‍കിയില്ല. ഒറ്റ വരി വിധിയാണ് തുറന്ന കോടതിയില്‍ ജഡ്ജി നടത്തിയിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി എന്നാണ് ജഡ്ജി പ്രസ്താവിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച വാദങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള ഒരു വിധിയാണിത്. 

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ശിവശങ്കറിന് നേരിട്ട് ബന്ധമുണ്ടെന്നായിരുന്നു ഇഡിയുടെ പ്രധാന വാദം. സ്വപ്‌ന സുരേഷ് എന്നത് ഒരു മുഖം മാത്രമാണ്. ഈ സ്വര്‍ണ്ണക്കടത്തിന്റെ പ്രധാന ആസൂത്രകന്‍ എം ശിവശങ്കറാണ്. ഇതിന് തങ്ങളുടെ പക്കല്‍ നിരവധി തെളിവുകളുണ്ട്. സ്വപ്‌നയുടെ മൊഴിയും ഇതിനെ സാധൂകരിക്കുന്നു. എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും ഈ കള്ളക്കടത്ത് ഇടപാടുമായി നേരിട്ട് ബന്ധമുണ്ടെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്വപ്‌നയും ശിവശങ്കറും വേണുഗോപാലും നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും ശിവശങ്കറിന് ഈ കേസില്‍ എത്രമാത്രം പങ്കുണ്ടെന്ന് ഇഡി കോടതിയെ ബോധ്യപ്പെടുത്തി. 

തുറന്ന കോടതിയില്‍ പറയാത്ത പല കാര്യങ്ങളും മുദ്ര വെച്ച കവറില്‍ ഇഡി കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തെളിവുകള്‍ പുറത്തുവിടാന്‍ കഴിയില്ല. അതുകൊണ്ടാണ് മുദ്രവെച്ച കവറില്‍ നല്‍കുന്നതെന്നും ഈ തെളിവുകള്‍ പുറത്തുപോയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ഒരു വിധിയാണ് ഉണ്ടായിരിക്കുന്നത്.