• 02 Dec 2020
  • 09: 07 PM
Latest News arrow

ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന് കിഫ്ബി ഓഡിറ്റില്‍ പങ്ക്; വിവാദം കനക്കുന്നു

തിരുവനന്തപുരം: കിഫ്ബിയുടെ രണ്ടാം ഘട്ട ഓഡിറ്റ് നടത്തിയ സൂരി ആന്‍ഡ് കമ്പനിയില്‍ സ്വര്‍ണ്ണക്കടത്തിലൂടെ വിവാദത്തിലായ പി വേണുഗോപാലെന്ന ചാര്‍ട്ടേഡ് അക്കൗണ്ടിന് പ്രധാനപങ്കാളിത്തം ഉണ്ടെന്ന് വിവരം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

എം ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പി വേണുഗോപാല്‍ ശിവശങ്കര്‍ വഴി സ്വപ്‌ന സുരേഷുമായി പരിചയത്തിലായി. തുടര്‍ന്ന് സ്വപ്‌ന കോഴപ്പണം ലോക്കറില്‍ സൂക്ഷിക്കുന്ന അവസരത്തില്‍ ഇദ്ദേഹം ഈ പണത്തിന് ഉത്തരവാദിത്വമുള്ള ആളായി സ്വന്തം പേര് കൂടി ചേര്‍ത്തു. ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് ഇങ്ങിനെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. വേണുഗോപാലിന്റെ ഈ മൊഴിയിലൂടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ ശിവശങ്കറിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നത്. 

ഈ വേണുഗോപാല്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കിഫ്ബിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിവാദത്തിലാകുന്നത്. കിഫ്ബിയുടെ പിയര്‍ റിവ്യൂ ഓഡിറ്ററായി നിയമിച്ച സൂരി ആന്‍ഡ് കമ്പനിയുമായി ബന്ധപ്പെട്ട ആളാണ് വേണുഗോപാല്‍. കിഫ്ബിയുടെ 38-ാം ബോര്‍ഡ് യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കിയ രേഖയിലാണ് ഇത് സംബന്ധിച്ച തെളിവുകളുള്ളത്. ഇതില്‍ കിഫ്ബിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ്ങും പിയര്‍ റിവ്യൂ ഓഡിറ്റിങ്ങും നടപ്പാക്കുന്നതിന് രണ്ട് ഓഡിറ്റിങ് സ്ഥാപനങ്ങളെ നിയമിച്ചതായി വ്യക്തമാക്കുന്നുണ്ട്. വര്‍മ്മ ആന്‍ഡ് വര്‍മ്മ എന്ന ഓഡിറ്റിങ് കമ്പനിയ്‌ക്കൊപ്പം സൂരി ആന്‍ഡ് കോ എന്ന കമ്പനിയെയുമാണ് നിയമിച്ചത്. ഇതില്‍ സൂരി ആന്‍ഡ് കോയുമായി ബന്ധപ്പെട്ടയാളാണ് പി വേണുഗോപാല്‍.