• 02 Dec 2020
  • 08: 18 PM
Latest News arrow

കിഫ്ബി-സിഎജി വിവാദം: ''പുറത്ത് വന്നത് അന്തിമ റിപ്പോര്‍ട്ട്''; ചട്ടവിരുദ്ധത ആയുധമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: കിഫ്ബി-സിഎജി വിവാദത്തില്‍ പുറത്തു വന്നത് കരട് റിപ്പോര്‍ട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തില്‍ അത് അന്തിമ റിപ്പോര്‍ട്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാര്‍ത്താക്കുറിപ്പ് സിഎജി ഇന്നലെ പുറത്തിറക്കി. ഇതിനെക്കുറിച്ച് കൃത്യമായി പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്ന് ധനമന്ത്രിയും പ്രതികരിച്ചു. സിഎജി പറയുന്നത് പോലെ സമ്പൂര്‍ണ റിപ്പോര്‍ട്ടാണെങ്കില്‍ അത് ധനകാര്യ സെക്രട്ടറിയ്ക്ക് കിട്ടിയിട്ടുണ്ടാകും. പക്ഷേ തനിക്ക് കിട്ടിയിട്ടില്ലെന്നാണ് ധനമന്ത്രി പറയുന്നത്. 

ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം നിയമസഭയില്‍ വെയ്ക്കുന്നതിന് മുമ്പ് ഒരു സമ്പൂര്‍ണ റിപ്പോര്‍ട്ടിന്റെ സാരാംശം പോലും പുറത്തുവരാന്‍ പാടില്ലെന്നതാണ്. അത് പ്രതിപക്ഷം ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. നിയമസഭയില്‍ വെയ്‌ക്കേണ്ട സമ്പൂര്‍ണ ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളതെന്ന് സിഎജി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സിഎജിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ മറു രാഷ്ട്രീയ വശമാണ് ഇനി ചര്‍ച്ചയാകാന്‍ പോകുന്നത്. അതില്‍ പ്രതിപക്ഷം നിലപാട് കടുപ്പിക്കും. ഇക്കാര്യത്തില്‍ ധനമന്ത്രിയ്ക്ക് എന്താണ് പറയാനുള്ളതെന്നാണ് അറിയേണ്ടത്. ഉച്ചയ്ക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം ഉണ്ടായേക്കും.