• 02 Dec 2020
  • 09: 52 PM
Latest News arrow

മയക്കുമരുന്ന് കേസ്: അറസ്റ്റിലായ ബിനീഷ് കോടിയേരി നാല് ദിവസത്തേയ്ക്ക് ഇഡി കസ്റ്റഡിയില്‍

ബെംഗളൂരു: അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കിയ ബിനീഷ് കോടിയേരിയെ നാല് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു.  ബിനീഷ് കോടിയേരിയെ നാല് ദിവസം ബെംഗളൂരു ശാന്തിനഗറിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സോണല്‍ ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനുള്ള അനുമതി സിറ്റി സിവില്‍ കോടതി ജഡ്ജി നല്‍കി.

ലഹരിക്കടത്ത് കേസില്‍ രണ്ടാം പ്രതിയാക്കിയാണ് ബിനീഷ് കോടിയേരിയെ ഇഡി ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയത്. ആദ്യം ചോദ്യം ചെയ്യലിന് ഹാജരായ ശേഷം വളരെ ആത്മവിശ്വാസത്തോടെയാണ് ബിനീഷ് അവിടെ നിന്നും തിരിച്ചുപോയത്. ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട അനൂപിന് പണം കൊടുത്തത് സൗഹൃദത്തിന്റെ പേരിലാണെന്ന വാദമാണ് ബിനീഷ് ആദ്യം മുതല്‍ ഉയര്‍ത്തിക്കൊണ്ടിരുന്നത്. ആ വാദമാണ് ആദ്യത്തെ ചോദ്യം ചെയ്യലില്‍ ബിനീഷ് പറഞ്ഞത്. പിന്നീട് ബിനീഷിനെയും അനൂപിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള ആവശ്യം ഇഡി ഉയര്‍ത്തിയപ്പോള്‍ മറ്റ് ചില അസൗകര്യങ്ങള്‍ പറഞ്ഞ് നിരാകരിക്കുകയായിരുന്നു. അനൂപിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് ശേഷം വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് അറസ്റ്റിലേക്ക് ഇഡി കടന്നത്. 

അനൂപ് ബെംഗളൂരു നഗരത്തില്‍ വിവിധയിടങ്ങളിലായി ഹോട്ടല്‍ ബിസിനസിനെന്ന പേരില്‍ ലീസിനെടുത്ത് അടക്കം നടത്തിയ ബിസിനസുകള്‍ ഇടപാടുകളിലെല്ലാം നടന്നത് മയക്കുമരുന്ന് കച്ചവടമാണെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മയക്കുമരുന്ന് വ്യാപാരിയാണ് അനൂപ് എന്ന് തന്നെയാണ് എന്‍സിബി അറിയിച്ചിട്ടുള്ളത്. തുടര്‍ന്നാണ് ഈ ലഹരി ഇടപാടുകള്‍ക്ക് വേണ്ടി വന്ന വലിയ തുക, അതായത് മയക്കുമരുന്നുകള്‍ വാങ്ങിക്കാന്‍ വേണ്ടി വന്ന തുകയുടെ സ്രോതസ് അന്വേഷിച്ചുകൊണ്ട് ഇഡി രംഗത്തെത്തിയത്. 

ഇതോടെ സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങളാണ് ഇന്ന് മാത്രം ഉണ്ടായിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ലഹരി കടത്ത് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലായിരിക്കുന്നത്. ഈ രണ്ട് കേസുകളിലും സര്‍ക്കാരിന് ബന്ധമില്ല, പാര്‍ട്ടിയ്ക്ക് ബന്ധമില്ല എന്ന് തറപ്പിച്ച് പറയുകയായിരുന്നു സര്‍ക്കാര്‍ സംവിധാനങ്ങളും പാര്‍ട്ടിയും. പക്ഷേ, അറസ്റ്റ് പോലെയുള്ള കടുത്ത നടപടികളിലേക്ക് കാര്യങ്ങ്ള്‍ നീങ്ങുമ്പോള്‍ ഇത്തരത്തിലൊരു വിശദീകരണം നല്‍കി പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും കഴിയില്ല.