• 02 Dec 2020
  • 08: 59 PM
Latest News arrow

ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി ഇഡിയുടെ കുറ്റപത്രം; കോടതി 7 ദിവസത്തെ കസ്റ്റഡി അനുവദിച്ചു.

കൊച്ചി: ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ പ്രാഥമിക കുറ്റപത്രം നല്‍കി. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഏഴ് ദിവസം എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ ശിവശങ്കറിനെ വിശ്രമിക്കാന്‍ അനുവദിക്കണമെന്നും കോടതി പറഞ്ഞു.

ഇതിന് പുറമേ ഭാര്യയും സഹോദരനുമടക്കം മൂന്ന് കുടുംബാംഗങ്ങള്‍ക്ക് ശിവശങ്കറിനെ കാണാന്‍ അനുവാദമുണ്ട്. ആവശ്യമെങ്കില്‍ വൈകിട്ട് ആറ് മണഇക്ക് ശേഷം ശിവശങ്കറിന് വൈദ്യസഹായം ലഭ്യമാക്കണം. ആറ് മണിയ്ക്ക് ശേഷം ചോദ്യം ചെയ്യാന്‍ പാടില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.

അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും അവര്‍ പറഞ്ഞു. ജില്ലാകോടതി അവധിയാണെങ്കിലും കോടതി കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് അദ്ദേഹത്തെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ശിവശങ്കര്‍ ജഡ്ജിയ്ക്ക് സമീപം എത്തി സംസാരിച്ചു. തുടര്‍ച്ചയായ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കിടക്കാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ചോദ്യം ചെയ്യലിനിടെ വിശ്രമം അനുവദിച്ചത്.

അതേ സമയം കസ്റ്റംസ് ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സൂപ്രണ്ട് വിവേകാണ് ഇഡി ഓഫീസില്‍ എത്തിയത്. ഇനി കസ്റ്റംസും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമോയെന്ന വിഷയത്തില്‍ ഇതുവരെ വ്യക്തതയില്ല.