• 02 Dec 2020
  • 09: 26 PM
Latest News arrow

പരീക്ഷയെഴുതിയത് പകരക്കാരന്‍: ജെഇഇ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ അറസ്റ്റില്‍

ഗുവാഹത്തി: ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനെയും അച്ഛനെയും ഉള്‍പ്പെടെ അഞ്ച് പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. പ്രവേശന പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പരീക്ഷാര്‍ത്ഥി പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്ന് ഗുവാഹത്തി പൊലീസ് വ്യക്തമാക്കി.

 ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിങ് കോളേജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഈ പരീക്ഷയില്‍ 99.8 ശതമാനം മാര്‍ക്ക് നേടിയാണ് പരീക്ഷാര്‍ത്ഥിയായ നീല്‍ നക്ഷത്രദാസ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്.

നീല്‍ നക്ഷത്രദാസ്, നീലിന്റെ അച്ഛന്‍ ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ്മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ വ്യാഴാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കും.

പരീക്ഷയില്‍ ഒന്നാമതെത്താന്‍ കൃത്രിമം കാണിച്ചതായി സൂചന നല്‍കുന്ന വാട്‌സ്ആപ്പ് സന്ദേശവും ഫോണ്‍കോള്‍ റെക്കോര്‍ഡുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മിത്രദേവ് ശര്‍മ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഉത്തരക്കടലാസില്‍ പേരും റോള്‍ നമ്പറും രേഖപ്പെടുത്താന്‍ മാത്രമാണ് നീല്‍ പരീക്ഷാകേന്ദ്രത്തിലെത്തിയത്. പിന്നീട് ആ ഉത്തരക്കടലാസില്‍ മറ്റൊരാള്‍ പരീക്ഷയെഴുതുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം വിപുലീകരിച്ചതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാകാനിടയില്ലെന്നും പൊലീസ് സൂചിപ്പിച്ചു. വലിയൊരു കണ്ണി തന്നെ ക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയവും പൊലീസിനുണ്ട്.