• 02 Dec 2020
  • 10: 12 PM
Latest News arrow

കാല്‍നൂറ്റാണ്ടാകുന്ന ഒരു ഓര്‍മ്മച്ചിത്രം

മലയാളികളുടെ അഭിമാന ഭാജനമായ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ ജന്‍മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ആ വിശ്വപൗരന് ദ കേരളാ പോസ്റ്റിന്റെ ആദരാജ്ഞലികള്‍. സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, പെരുമാറ്റ മാധുര്യത്തിന്റെ, വിനയത്തിന്റെ പ്രതീകമായ ആ മഹാനുഭാവനെ നേരിട്ട് അറിയാവുന്നവരുടെ മനസ്സില്‍ എക്കാലവും അദ്ദേഹം അവിസ്മരണീയമായ ഓര്‍മ്മയായി നിലനില്‍ക്കുമെന്ന് തീര്‍ച്ച. എനിക്കുമുണ്ട് അത്തരമൊരു അനുഭവം.

അദ്ദേഹം ഉപരാഷ്ട്രപതിയായിരുന്ന കാലത്ത് 1996ല്‍ കോഴിക്കോട് വന്നിരുന്നു. ഫാറുഖ് കോളേജിന്റെ ജൂബില ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാന പരിപാടി. ഒരു ദിവസം കോഴിക്കോട് താമസിച്ചു. പിറ്റേന്ന് കാലത്ത് ജെഡിടി സ്‌കൂള്‍ സന്ദര്‍ശിച്ചാണ് തിരിച്ചുപോയത്. ഞാന്‍ അന്ന് മലയാള മനോരമയുടെ പ്രത്യേക ലേഖകന്‍ ആയിരുന്നു. ഉപരാഷ്ട്രപതിയുടെ പരിപാടി കവര്‍ ചെയ്യാന്‍ അവസരം ലഭിച്ച എനിക്ക് ജെഡിടിയില്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുവാനും ഭാഗ്യമുണ്ടായി. 

മനോരമയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ വളരെ താല്‍പ്പര്യത്തോടെ സംസാരിച്ചു. മനോരമയുമായുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല സൗഹൃദം അനുസ്മരിച്ചു. ജെഡിടിയില്‍ നിന്നും ഉപരാഷ്ട്രപതി നേരെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കാണ് പോയത്. കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും കെ മുരളീധരനും ജെഡിടി മാനേജര്‍ കെപി ഹസ്സന്‍ ഹാജിയും ഉപരാഷ്ട്രപതിയെ അനുഗമിച്ചു.

പൊലീസ് സൂപ്രണ്ടായി വിരമിച്ച ടികെ രാജ്‌മോഹനനായിരുന്നു പൊലീസ് സെക്യൂരിറ്റി ചുമതല. ഞാനും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഫോട്ടോഗ്രാഫറായിരുന്ന പീതാംബരനും രാജ്‌മോഹന്റെ വണ്ടിയുടെ പിന്നില്‍ സീറ്റ് തരപ്പെടുത്തി. വിമാനത്താവളത്തില്‍ ടെര്‍മിനലില്‍ നിന്നും റണ്‍വേയിലേക്കുള്ള കവാടത്തില്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി എന്നെ തടഞ്ഞു. പത്രപ്രവര്‍ത്തകനാണെന്ന് പറയുകയും ഉപരാഷ്ട്രപതിയുടെ പരിപാടി കവര്‍ ചെയ്യാനുള്ള പ്രത്യേക പാസ് അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. സെക്യൂരിറ്റിയുമായുള്ള എന്റെ സംസാരം ശ്രദ്ധിച്ച ഉപരാഷ്ട്രപതി തിരിഞ്ഞ് നിന്ന് എന്നെ കടത്തിവിടാന്‍ നിര്‍ദേശിച്ചു. ഞങ്ങളെ മാത്രമാണ് ഉപരാഷ്ട്രപതി അങ്ങിനെ കയറ്റിയത്. വിമാനത്തില്‍ കയറാന്‍ നേരവും ഉപരാഷ്ട്രപതിയോട് സംസാരിക്കാന്‍ ഭാഗ്യം ലഭിച്ചു. അപ്പോള്‍ പീതാംബരന്‍ പകര്‍ത്തിയ ഫോട്ടോയാണ് ഈ ഓര്‍മ്മക്കുറിപ്പിനൊപ്പം ചേര്‍ത്തിരിക്കുന്നത്.