• 02 Dec 2020
  • 09: 47 PM
Latest News arrow

പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാനൊരുങ്ങി കേരളം; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: രാജ്യത്ത് തന്നെ ആദ്യമായി പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാനൊരുങ്ങി കേരളം. 16 ഇനം പച്ചക്കറികള്‍ക്കാണ് തറവില പ്രഖ്യാപിക്കുന്നത്. പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കൃത്യമായ വില കിട്ടുന്നതിനുമാണ് നടപടിയെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ വിശദീകരിച്ചു.

ഉല്‍പ്പാദന വിലയേക്കാള്‍ 20 ശതമാനം അധികമായിരിക്കും തറവില. താങ്ങ് വില നിശ്ചയിക്കാന്‍ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ. അതിനാലാണ് സംസ്ഥാനം തറവില നിശ്ചയിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുന്നത്. 

അതേസമയം ഉള്ളിവില കുതിച്ചുയരുന്നത് തടയാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സവാള വില നിയന്ത്രിക്കാന്‍ ധനകാര്യ വകുപ്പ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്നു. പ്രധാനപ്പെട്ട ഏജന്‍സികളായ സപ്ലൈക്കോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് മുഖേന നാഫെഡില്‍ നിന്നും 1800 ടണ്‍ സവാള വാങ്ങാന്‍ തീരുമാനിച്ചു.